അംഗീകൃത ബിരുദമില്ലാത്തവർക്ക് പോളിടെക്നിക്കുകളിൽ പ്രിൻസിപ്പൽമാരായി നിയമനം ; ഉത്തരവ് പുന:പരിശോധിക്കണമെന്ന് മന്ത്രിക്ക് പരാതി

തിരുവനന്തപുരം: നിലവാരമില്ലാത്ത ബിരുദങ്ങൾ നേടിയവരെ പോളിടെക്നിക്കുകളിൽ പ്രിൻസിപ്പൽമാരായി നിയമിച്ചതിൽ ശക്തമായ പ്രതിഷേധം. റഗുലർ എം ടെക് ബിരുദത്തിന് പകരം കേരള സർവകലാശാലയുടെ അംഗീകാരമില്ലാത്ത എം ടെക് വീക്കെൻഡ് കോഴ്സ് ബിരുദം നേടിയവരെ
പ്രിൻസിപ്പൽമാരായി നിയമിച്ചിതിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.

എ ഐ സി ടി അംഗീകാരമില്ലാത്തതിനാൽ കേരള യൂണിവേഴ്സിറ്റി ഡീ-റെക്കഗ്നൈസ് ചെയ്ത മനോന്‍മണിയം സുന്ദരനാര്‍ യൂണിവേഴ്സിറ്റിയുടെ വീക്കെന്‍റ് എം-ടെക്ക് ബിരുദക്കാരെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോളിടെക്നിക്ക് പ്രിന്‍സിപ്പല്‍മാര്‍ക്കുള്ള അന്തിമ സെലക്ട് ലിസ്റ്റില്‍ സ്ഥാനം നൽകിയത്. ഇത് എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ ഗുണ മേന്മയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രസ്തുത ബിരുദം കരസ്ഥമാക്കിയവരെ പ്രൻസിപ്പാൾമാരായി ഉദ്യോഗക്കയറ്റം നൽകിയ സർക്കാർ ഉത്തരവ് പുനപരിശോധിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ സർക്കാര്‍, എയിഡഡ് പോളിടെക്നിക്ക് കോളേജുകളില്‍
വകുപ്പ് മേധാവി, പ്രിന്‍സിപ്പല്‍, ജോയിന്‍റ് ഡയറക്ടര്‍ തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ എ ഐ സി ടി മാനദണ്ഡപ്രകാരമുള്ള എം-ടെക്ക് ബിരുദം ആവശ്യമാണ്. അതിന് എളുപ്പവിദ്യയെന്ന രീതിയിൽ റെഗുലര്‍ സര്‍വീസിലിരിക്കെത്തന്നെ, ഒരു വിഭാഗം പോളിടെക്നിക്ക് അദ്ധ്യാപകര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അറിവോ സമ്മതമോ ഇ ല്ലാതെ നിലവാരമില്ലാത്ത മറ്റ് സംസ്ഥാന സർവകലാശാലകളുടെ കോഴ്സുകളിൽ ചേരും.

ശനി, ഞായർ ദിവസങ്ങളില്‍ മാത്രമായി നടത്തുന്ന ഇത്തരം വീക്കെന്‍റ് ബിരുദങ്ങള്‍ എളുപ്പത്തിൽ നേടും. ഇങ്ങനെ ബിരുദങ്ങള്‍ നേടിയവരെ ഉന്നത തസ്തികകളിൽ സ്ഥാനകയറ്റം നൽകി നിയമിക്കുന്നത് ഉന്നത വിദ്യാഭ്യാസത്തിൻ്റെ നിലവാരത്തകർച്ചയ്ക്ക് ഇടയാക്കുമെന്നാണ് വിമർശനം.

നിലവാരമില്ലാത്ത ഇത്തരം ബിരുദങ്ങൾ നേടി യിട്ടുള്ളവരെ പ്രിൻസിപ്പാൾ തസ്തികയിൽ നിന്ന് ഒഴിവാക്കാണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാറും സെക്രട്ടറി എം ഷാജർഖാനും ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സർ ക്കാര്‍ കൈക്കൊകൊള്ളണമെന്നും യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.