കൊച്ചി: സ്പ്രിംഗ്ലർ ഇടപാടിൽ സര്‍ക്കാര്‍ നിലപാട് അപകടകരമാണെന്ന് ഹൈക്കോടതി. രോഗത്തേക്കാള്‍ മോശമായ രോഗപരിഹാരം നിര്‍ദ്ദേശിക്കരുത്. ഡേറ്റാ വ്യാധി ഉണ്ടാക്കരുതെന്ന് കോടതി ആവര്‍ത്തിച്ചു. സ്പ്രിംഗ്ലർ കരാറില്‍ സ്വകാര്യത പ്രധാനമാണ്. സ്പ്രിംഗ്ലറിനെ തെരഞ്ഞെടുത്തത് എങ്ങനെയെന്ന് രേഖകളില്‍ വ്യക്തമല്ല. ഇക്കാര്യത്തില്‍ ആരെയും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടില്ല. സ്പ്രിംഗ്ലറിനെ എങ്ങനെ തെരഞ്ഞെടുത്തു എന്നാണ് അറിയേണ്ടത്. കാര്യങ്ങള്‍ മൂടിവച്ച് പറയരുതെന്നും കോടതി നിരീക്ഷിച്ചു. രാജ്യം കടന്നു പോകുന്നത് അസാധാരണ സാഹചര്യത്തിലൂടെയാണെന്നും കോടതി പറഞ്ഞു.
സ്പ്രിംഗ്ലറിന്റെ പ്രൈവസി പോളിസി എന്താണെന്ന് സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് ഹര്‍ജിക്കാരും കോടതിയെ അറിയിച്ചു. സ്പ്രിംഗ്ലർ കരാറിലെ വിവര ശേഖരണത്തോടാണോ വിവരങ്ങള്‍ ചോരുന്നതിനോടാണോ എതിര്‍പ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു. അതേസമയം പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം വിവരശേഖരണമാകാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സെര്‍വറില്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍ ഈ സാഹചര്യത്തിലും സര്‍ക്കാര്‍ കരാര്‍ നല്‍കിയത് മോശം ചരിത്രമുള്ള കമ്ബനിക്കാണെന്ന് ചെന്നിത്തലയുടെ അഭിഭാഷകന് അറിയിച്ചു.