ശക്തമായ ഇടിമിന്നലിനും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും തിങ്കളാഴ്ച 12 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും മണിക്കൂറിൽ പരമാവധി 50 കി.മി വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള – കർണാടക- ലക്ഷദ്വീപ് തിരങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. കടലാക്രമണ ഭീഷണിയും നിലനിൽക്കുന്നതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.