കണ്ണൂർ: സിപിഎമ്മിലെ ഭിന്നതകളുടെ പേരിൽ കൊറോണ പ്രതിരോധ ചുമതല വഹിച്ചിരുന്ന ഡോക്ടർ മുഹമ്മദ് അഷീൽ ചുമതലയിൽ നിന്ന് തെറിച്ചതോടെ പുറത്തുവന്നത് സർക്കാരിൻ്റെ വഴിവിട്ട നീക്കങ്ങളും പ്രീണനനയവും. പയ്യന്നൂർ ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ കാഷ്വൽറ്റി മെഡിക്കൽ ഓഫിസറായി അഷീലിനെ നിയമിച്ചതോടെയാണ് പ്രവൃത്തി പരിചയവും പ്രാഗൽഭ്യവും വേണ്ടിയിരുന്ന ഉന്നത പദവിക്കു പിന്നിലെ പ്രീണന കഥകൾ പുറത്തു വരുന്നത്.
വഴിവിട്ട നിയമനങ്ങളുടെ വിവരങ്ങൾ ദിവസേന പുറത്തു വരുമ്പോൾ അതിലൊന്നിൻ്റെ പരിണത ഫലമാണ് ഡോ. അഷീലിൻ്റേതെന്ന് വിമർശനമുയർന്നുകഴിഞ്ഞു. ഉയർന്ന യോഗ്യതയും കാര്യശേഷിയുമുള്ളവരെ തഴഞ്ഞാണ് സ്വന്തം ഇമേജ് വളർത്താൻ അഷീലിനെ പോലുള്ളവരെ ഉന്നത പദവിയിൽ നിയമിച്ചവർ ലക്ഷ്യമിട്ടതെന്ന ആക്ഷേപവും പ്രതിഷേധവുമാണ് പുറത്തു വരുന്നത്.
ഒരുപാട് പടികൾ പല രീതിയിൽ ചാടിക്കയറിയ ഡോ മുഹമ്മദ് അഷീലിന് തിരിച്ചടിയായത് സര്‍ക്കാരിനും സിപിഎമ്മിനും മുഖ്യമന്ത്രി പിണറായിക്കും മുകളില്‍ മുൻ മന്ത്രി കെകെ ശൈലജയെ പ്രതിഷ്ഠിക്കാന്‍ നടത്തിയ വഴിവിട്ട നീക്കങ്ങള്‍. ഇതാണ് അഷീലിന് യഥാർഥത്തിൽ അർഹമായ തസ്തികയിലേക്ക് മാറ്റി പ്രതിഷ്ടിക്കാൻ കാരണം എന്നാണ് വിലയിരുത്തൽ.
കൊറോണ, പൊതുജനാരോഗ്യരംഗത്തെ വിദഗ്ധരായ പലരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചെവിക്കൊള്ളാതെ അഷീല്‍ സ്വന്തം ഇഷ്ടപ്രകാരം നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നടപടികള്‍ സ്വീകരിക്കുകയുമാണുണ്ടായതെന്ന് പലപ്പോഴും ആക്ഷേപങ്ങൾ ഉയർന്നിരുന്നു.കൊറോണ പ്രതിരോധത്തിലും ബോധവല്‍ക്കരണത്തിലും ഐഎംഎ അടക്കമുള്ള സംഘടനകള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളെല്ലാം തള്ളിയാണ് അഷീല്‍ പ്രവര്‍ത്തിച്ചതെന്നും പറയുന്നു. സര്‍ക്കാരിനൊപ്പമായിരുന്ന ഐഎംഎ, കെജിഎംഒഎ തുടങ്ങിയവയെ കൊറോണ കാലത്ത് കൂടെ നിര്‍ത്താനായില്ല. അഷീലിന്റെ പല നടപടികളോടും എതിര്‍പ്പുണ്ടായ ഡോക്ടര്‍മാരുടെ സംഘടനകള്‍ സര്‍ക്കാരിനെതിരായ വിയോജിപ്പുകളായി അതു പ്രകടിപ്പിച്ചു.
പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിലുപരി അഷീലിന് മാധ്യമ ഭ്രാന്തായിരുന്നുവെന്നും വിമര്‍ശനമുണ്ട്. ചില ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സെല്‍ഫ് പ്രെമോഷന് നടത്താനായി സാമൂഹ്യ സുരക്ഷാ മിഷന്റെ ഫണ്ട് വഴിവിട്ട് ഉപയോഗിച്ചെന്നും ആരോപണമുണ്ട്
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ഡോ.മുഹമ്മദ് അഷീലിനെ മാറ്റാനുള്ള തീരുമാനത്തിലേക്ക് സിപിഎമ്മിനെ എത്തിച്ചത് ആരോഗ്യ വകുപ്പിനും സാമൂഹിക നീതി വകുപ്പിനും കഴിഞ്ഞ സർക്കാരിന്റെ കാലത്തു ലഭിച്ച അമിത പ്രാധാന്യം.
ഈ രണ്ടു വകുപ്പുകൾക്കു മാത്രം പ്രാധാന്യം ലഭിക്കുന്ന തരത്തിൽ അഷീലിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നതായി പാർട്ടിയിൽ ചിലർ വിമർശനം ഉന്നയിച്ചിരുന്നു. അവരുടെ സമ്മർദമാണ് അഷീലിന്റെ സ്ഥാന മാറ്റത്തിനു പിന്നിലെന്നാണു വിവരം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് അഷീലിന് ഡപ്യൂട്ടേഷനിൽ നിയമനം നൽകിയത്.
പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിയിൽ കാഷ്വൽറ്റി മെഡിക്കൽ ഓഫിസറായാണ് അഷീലിനെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. എൻഡോസൾഫാൻ പുനരധിവാസ ചുമതലയുള്ള നോഡൽ ഓഫിസറായും നേരത്തേ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേവലം ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്നതിൽ ഉപരിയായി സാമൂഹിക സേവനം സപര്യയാക്കിയ വ്യക്തിയാണെന്ന വ്യാപക പ്രചാരണം ഡോക്ടർ മുഹമ്മദ് അഷീലിന് തുണയായിരുന്നു.