കരിപ്പൂർ സ്വർണക്കവർച്ച; അഷ്റഫിൻ്റെ ഫോണിൽ കൊടി സുനിയുടെ ഭീഷണി സന്ദേശം

കോഴിക്കോട്: കരിപ്പൂരിൽ സ്വർണം കവർച്ചാ കേസിൽ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ ഇടപെടലിന് തെളിവ് ലഭിച്ചു. ജയിലിൽ നിന്ന് സ്വർണക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം 24നാണ് ലഭിച്ചത്. കൊയിലാണ്ടി അഷ്‌റഫിന്റെ പക്കൽ നിന്ന് സ്വർണം തട്ടിയെടുത്തത് തന്റെ സംഘമെന്ന് കൊടി സുനി പറയുന്ന ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇനി അതിന്റെ പുറകേ നടക്കേണ്ടതില്ല. പിന്നാലെ വന്നാലും വേറെയൊന്നും ചെയ്യാൻ കഴിയില്ലെന്ന് കൊടി സുനി ഭീഷണി മുഴക്കുന്നു. കൊടുവള്ളി സംഘം ഉപദ്രവിക്കാതിരിക്കാൻ കണ്ണൂർ സംഘം തനിക്ക് അയച്ചതാണ് ശബ്ദരേഖയെന്ന് അഷ്റഫ് പൊലീസിനോട് പറഞ്ഞു. കൊണ്ടുവന്ന സ്വർണം മുക്കിയതാണെന്ന് ഭീഷണി മുഴക്കിയാണ് കൊടുവള്ളി ക്വട്ടേഷൻ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോകുന്നത്. എന്നാൽ ഒരു ക്വട്ടേഷൻ സംഘം സ്വർണം തട്ടിക്കൊണ്ട് പോയതാണെന്ന് പല തവണ പറ‌ഞ്ഞതാണെന്നും എന്നിട്ടും കൊടുവള്ളിയിലെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയെന്നും അഷ്റഫ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. രണ്ട് കിലോയാണ് കഴിഞ്ഞ മാസം റിയാദിൽ നിന്ന് വന്ന അഷ്റഫ് കരിപ്പൂർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്നത്.

അഷ്റഫിൻ്റെ കയ്യിലുള്ള കൊടിസുനിയുടെ ശബ്ദസന്ദേശം ഇങ്ങനെയാണ്: ”കൊയിലാണ്ടിയിലെ അഷ്റഫിൻ്റെ കയ്യിലുള്ള സാധനം നമ്മുടെ കമ്പനിയാ കൊണ്ട് പോയത്. ഇനി അതിൻ്റെ പുറകേ നടക്കണ്ട. അറിയുന്ന ആളുകളോട് കാര്യങ്ങൾ പറഞ്ഞ് കൊടുത്തേക്ക്”, എന്നാണ് കൊടി സുനി ശബ്ദസന്ദേശത്തിൽ പറയുന്നത്.

തനിക്ക് കണ്ണൂർ സംഘം അയച്ച് തന്ന ഈ കൊടി സുനിയുടെ ശബ്ദരേഖ താൻ കൊടുവള്ളി സംഘത്തിന് അയച്ച് കൊടുത്തുവെന്നും അഷ്റഫ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സ്വർണക്കടത്തിൻ്റെ ക്യാരിയർ ആയ അഷ്റഫിന് ഇതിന് മുമ്പും ക്വട്ടേഷൻ സംഘത്തിൽ നിന്ന് ഭീഷണികൾ ഉണ്ടായിരുന്നു.

അഷ്റഫിനെ തട്ടിക്കൊണ്ട് പോയ കേസിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൊടുവള്ളിയിലും പരിസരങ്ങളിലുമുള്ളവരാണ് അറസ്റ്റിലായ മൂന്ന് പേരും. കൊടുവള്ളി സ്വദേശി പൂമുള്ളൻകണ്ടിയിൽ നൗഷാദ്, കിഴക്കോത്ത് സ്വദേശി താന്നിക്കൽ മുഹമ്മദ് സാലിഹ്, നെല്ലാംകണ്ടി സ്വദേശി കളിത്തൊടുകയിൽ സൈഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ട് പോയ സംഘത്തിലുള്ളവർ മുഴുവൻ പിടിയിലായ ശേഷം കൊടി സുനിയുടെ ബന്ധം അന്വേഷിക്കുമെന്ന് പൊലീസ് അറിയിക്കുന്നു.