കോഴിക്കോട് : ലണ്ടനിൽ നിന്നുള്ള എയർ ആംബുലൻസ് വിമാനം കാന്‍സര്‍ ബാധിതനായ മലയാളി യുവാവുമായി ഇന്നു രാവിലെ കോഴിക്കോട് വിമാനത്താവളത്തിലിറങ്ങി. ഇയാൾ തുടർചികിത്സാർഥമാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ നാട്ടിലെത്തിയത്. ലണ്ടനിൽ സോഫ്റ്റ്വെയർ എൻജിനീയറാണ് യുവാവ്. യുവാവ് ഗായിക കെഎസ് ചിത്രയുടെ അടുത്ത ബന്ധുവാണെന്നാണ് റിപ്പോർട്ടുകൾ.
യാത്രയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നേരിട്ട് ഇടപെട്ട് ആണെന്നും റിപ്പോര്കളുണ്ട്. വയറിൽ അർബുദം ബാധിച്ച് ബ്രിട്ടനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 37കാരനായ യുവാവ്. ബ്രിട്ടൻ ബ്രിസ്റ്റോളിലെ ബ്രാഡ്ലി സ്റ്റോക് മേയറും റാന്നി സ്വദേശിയുമായ ടോം ആദിത്യയുടെയും മുൻ മന്ത്രിയുമായ അൽഫോൺസ് കണ്ണന്താനത്തിന്റെയും സഹായം തേടി. ഇരുവരുടെയും ഇടപെടലിന്റെ ഭാഗമായാണ് യാത്ര നടന്നത്.
കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനത്താവള അധികൃതർക്കു മുൻപിൽ ഹാജരാക്കി. തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു പോയി. ചീഫ് സെക്രട്ടറിയെ വിളിച്ചു പറഞ്ഞതനുസരിച്ച് കോഴിക്കോട് ജില്ലാ കളക്ടർ നേരിട്ടാണ് കാര്യങ്ങൾക്ക് നേതൃത്വം നൽകിയത്. അതേസമയം പൈലറ്റിനും ക്രൂവിനും പോലും വിമാനത്താവളത്തിലിറങ്ങാൻ അനുവാദമുണ്ടായിരുന്നില്ല.