രജിസ്ട്രേഷന്‍ നമ്പറില്ലാതെ വാഹനം ഉടമയ്ക്ക് കൈമാറി; ഡീലർഷിപ്പിന് 103000 രൂപ പിഴയിട്ട് മോട്ടോര്‍വാഹന വകുപ്പ്

പത്തനംതിട്ട: രജിസ്റ്റർ ചെയ്യാതെ വാഹനം ഉടമയ്ക്ക് കൈമാറിയ തിരുവല്ലയിലെ മാരുതി ഡീലര്‍ഷിപ്പിന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിഴയിട്ടത് 103000 രൂപ. രജിസ്റ്റർ ചെയ്യാതെയും അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും വാഹനങ്ങൾ ഡെലിവറി നടത്തുന്നതായി വ്യാപക പരാതികൾ ഉയർന്നതിനു പിന്നാലെ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് മോട്ടോർ വകുപ്പ്.

തിരുവല്ല ജോയിന്‍റ് ആര്‍ടിഒ പ്രകാശിന്റെ നിർദ്ദേശപ്രകാരം തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും നടന്ന പരിശോധനയ്ക്കിടയിലാണ് അതി സുരക്ഷാ നമ്പര്‍ പ്ലേറ്റും രജിസ്ട്രേഷന്‍ നമ്പറും ഇല്ലാത്ത പുതിയ വാഗണ്‍ ആര്‍ വാഹനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. പിന്നാലെ ഡീലര്‍ക്ക് 103000 രൂപ പിഴയും ചുമത്തി. ട്രേഡ് സര്‍ട്ടിഫിക്കറ്റ് ലംഘനത്തിന് ഒരുലക്ഷം രൂപയും വാഹനം രജിസ്റ്റര്‍ ചെയ്യാത്തതിന് 3000 രൂപയും വീതമാണ് ഫൈന്‍ ഈടാക്കിയത്.