തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സിക്ക വൈറസ് തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ സിക്ക ബാധിച്ചവരുടെ എണ്ണം 15 ആയി. കഴിഞ്ഞ ദിവസം 14 പേര്‍ക്ക് സിക്ക ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശി 24കാരിയായ ഗര്‍ഭിണിക്കാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.