മുംബൈ: മൊബൈൽ ആപ്ലിക്കേഷനായ ട്രൂകോളർ ഉപയോക്താക്കളുടെ ഡേറ്റ ചോർത്തുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയിൽ കേന്ദ്രസർക്കാരിനും മഹാരാഷ്ട്ര സർക്കാരിനും ബോംബെ ഹൈക്കോടതി നോട്ടീസ്. രാജ്യത്തെ സ്വകാര്യതാ നിയമങ്ങൾക്കു വിരുദ്ധമായി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെ എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
ട്രൂകോളർ ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചു മറ്റു ചില പങ്കാളികൾക്കു നൽകുകയും ഉത്തരവാദിത്തം ഉപയോക്താവിൻറെ തലയിൽ കെട്ടിവയ്ക്കുകയും ചെയ്യുന്നു എന്നാണു ഹർജിയിലെ പറയുന്നത്. യുപിഐ (യൂണിഫൈഡ് പേമെൻറ്സ് ഇൻറർഫേസ്) സേവനവുമായി ഉപയോക്താക്കളുടെ അനുവാദമോ ആവശ്യമായ നടപടികളോ കൂടാതെ ട്രൂകോളർ ബന്ധിപ്പിക്കുന്നുണ്ടെന്നും ഹർജിയിൽ ആരോപണം ഉന്നയിക്കുന്നു.
വായ്പാദാതാക്കൾ ട്രൂകോളർ ശേഖരിക്കുന്ന ഡേറ്റ ഉപയോഗിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ നോട്ടീസിന് മറുപടി നൽകാനാണു കേന്ദ്രത്തോടും മഹാരാഷ്ട്രയോടും മറ്റ് കക്ഷികളോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.