ആവശ്യ നേരത്ത് സഹായവുമായി എസ്ഐ മഞ്ജു… സഹായത്തിന് നന്ദിപറഞ്ഞ് കുട്ടികൾ

ശാസ്താംകോട്ട: ആവശ്യ നേരത്ത് സഹായം ലഭിക്കുക ഒരിക്കലും പ്രതീക്ഷിക്കാത്തവരിൽ നിന്നാകും. അതുപോലൊരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി.കാക്കിക്കുള്ളിലെ കരുണയെ മറ്റുള്ളവർക്കായി പങ്കുവയ്ക്കാൻ കുട്ടികൾ നവമാധ്യമങ്ങളിലൂടെ കുറിച്ചിട്ട വരികളാണത്.

എസ്ഐ മാഡം… ഈ സഹായത്തിന് നന്ദിപറയാൻ വാക്കുകളില്ല. സഹായത്തിനായി കേഴുന്ന സന്ദർഭങ്ങളിൽ ചിലർ അപ്രതീക്ഷിതമായി നമ്മുടെ മുന്നിൽ കൈനീട്ടി എത്താറുണ്ട്. ശൂരനാട് സ്റ്റേഷനിലെ എസ്ഐയായ മഞ്ജു വിനായർ നീട്ടിയ ഈ സഹായഹസ്തം പ്ലസ്ടു വിദ്യാർഥികളും താമരക്കുളം സ്വദേശികളുമായ ഇജാസിന്റെയും അഭിരാമിന്റെയും മാർക്ക് ഷീറ്റിലെ അക്കങ്ങൾ മാറിമറിയുന്നതിനു സഹായകമായി.

ഇജാസ് പോസ്റ്റു ചെയ്തത് ഇങ്ങനെ: ഇരുവരും ശൂരനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്നു. ഗണിതത്തിന്റെ പ്രായോഗിക പരീക്ഷയായിരുന്നു ഇന്ന്. രാവിലെ 11-ന് തുടങ്ങുന്ന പരീക്ഷയ്ക്കായി രാവിലെ 10 മുതൽ താമരക്കുളം ജങ്‌ഷനിൽ ബസ് കാത്തു നിൽക്കുകയായിരുന്നു. ബസ് ഒന്നും വന്നില്ല. ഓരോ ബൈക്കും കാറും പോകുമ്പോഴും കൈ കാണിച്ചു.

കൊറോണകാരണം ആരും നിർത്തിയില്ല. ഒടുവിൽ നടന്നു. പിന്നോട്ട് തിരിഞ്ഞുനോക്കി ഞങ്ങൾ കൈകാണിച്ചുകൊണ്ടേയിരുന്നു. 10.45 ആയി. ഇനി പരീക്ഷ എഴുതാൻ കഴിയില്ലെന്ന് ഉറപ്പിച്ചുനിന്നു. ഇതിനിടയിൽ വന്ന നീല കാറിന് കൈകാണിച്ചു. പക്ഷേ, ഞങ്ങളെ അതിശയപ്പെടുത്തിക്കൊണ്ട് കാർ നിർത്തി.

വാതിൽ തുറന്നപ്പോൾ ശരിക്കും ഞെട്ടി. പോലീസ് യൂണിഫോമിട്ട ഒരു ചേച്ചിയായിരുന്നു കാറിൽ. വാ കേറടാ മക്കളേ എന്ന് കേട്ടപ്പോൾ ധൈര്യമായി. തോളിൽ രണ്ടു സ്റ്റാർ കണ്ടതോടെ എസ്ഐ ആണെന്നുറപ്പിച്ചു. കുറേനേരം ഞങ്ങളോട് ഫ്രീയായി സംസാരിച്ചു. സ്കൂളിന് സമീപത്ത് ഇറക്കിയാൽ മതിയെന്ന് പറഞ്ഞെങ്കിലും ബാക്കി രണ്ടു കിലോമീറ്റർ നിങ്ങൾ എങ്ങനെ പോകുമെന്നായി ചോദ്യം.

ഞങ്ങളെ സ്കൂളിന്റെ ഗേറ്റിന് മുന്നിൽ എത്തിച്ചായിരുന്നു മടക്കം. അതുവരെ ഞങ്ങൾക്ക് പോലീസിനോടുണ്ടായിരുന്ന ഭയം ബഹുമാനമായി മാറി.

ആ തിരക്കിനിടയിലും പരീക്ഷാഹാളിൽ കൊണ്ടുവിടാൻ കാണിച്ച എസ്.ഐ. മഞ്ജു മാഡത്തിന്റെ മനസ്സിന് നന്ദി എന്നു കുറിച്ചുകൊണ്ട് വരികൾ നിർത്തുകയാണ്. ഇറങ്ങാൻ നേരം ഒരു സെൽഫിയും അവരെടുത്തതായി മഞ്ജു പറഞ്ഞു.