തിരുവനന്തപുരം: തനിക്ക് അർഹതപ്പെട്ട ഡിജിപി പദവി നൽകണമെന്ന് അഭ്യർഥിച്ച് ഫയർഫോഴ്സ് മേധാവി ഡോ ബി സന്ധ്യ സർക്കാരിന് കത്തുനൽകി. സീനിയോറിറ്റിയിൽ നിലവിലെ പൊലീസ് മേധാവി അനിൽ കാന്തിനെക്കാൾ മുന്നിലാണ് സന്ധ്യ.
ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവിൽ തനിക്ക് അർഹതപ്പെട്ട ഡിജിപി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. അനിൽ കാന്തിന് ആറുമാസത്തെ സർവീ സേ ഉള്ളൂ. ഇതു കഴിഞ്ഞാൽ വീണ്ടും പുതിയ ഡിജിപിയെ നിയമിക്കേണ്ടി വരും.
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാൻ യുപിഎസ് സി തയാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയിൽ വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിന് പുറമെ സന്ധ്യയും അനിൽകാന്തുമാണുണ്ടായിരുന്നത്. എഡിജിപിയായിരുന്ന അനിൽകാന്തിനെ ഡിജിപി ഗ്രേഡ് നൽകിയാണ് നിയമിച്ചത്. സന്ധ്യക്ക് ഡിജിപി പദവി നൽകിയതുമില്ല. സുദേഷ് കുമാറിനെതിരായ ആക്ഷേപം നിലനിൽക്കുന്നതിനാൽ സ്വാഭാവികമായി സന്ധ്യയെ നിയമിക്കേണ്ടി വരുമെന്നാണ് സൂചന.