കോഴിക്കോട്: വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ അഴീക്കോട് മുൻ എംഎൽഎ കെഎം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. വീട്ടിൽ നിന്ന് വിജിലൻസ് പിടികൂടിയ 47 ലക്ഷം രൂപ യെക്കുറിച്ചും വീട് നിർമ്മാണത്തിലെ പണത്തിൻ്റെ ഉറവിടം സംബന്ധിച്ചുമുള്ള അന്വേഷണവുമാണ് പുരോഗമിക്കുന്നത്. മുൻപ് നൽകിയ കണക്കുകളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കെഎം ഷാജിക്ക് വിജിലൻസ് നോട്ടീസ് നൽകി.
രണ്ട് ദിവസത്തിനുള്ളിൽ ഷാജിയുടെ കണ്ണൂരിലുള്ള വീട് വിജിലൻസ് അളന്നുപരിശോധിക്കും. കഴിഞ്ഞ ദിവസം ഷാജിയുടെ കോഴിക്കോട് മാവൂരിലുള്ള വീട്ടിൽ പരിശോധന നടത്തിയിരുന്നു.
ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുന്നത്.
തെരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതിന്റെ കൗണ്ടർ ഫോയിലുകളും മിനിറ്റ്സിന്റെ രേഖകളും ഷാജി തെളിവായി നൽകിയിരുന്നു. എന്നാൽ ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് വിജിലൻസ് സംശയിക്കുന്നത്. മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാൻ തീരുമാനിച്ചതെന്നാണ് കെ എം ഷാജി മൊഴി നൽകിയിരുന്നത്.
നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ചെലവിലേക്കായി പിരിച്ചെടുത്ത തുകയാണ് തന്റെ വീട്ടിൽ നിന്ന് വിജിലൻസ് പിടികൂടിയ 47 ലക്ഷം രൂപയെന്നാണ് കെ എം ഷാജി പറഞ്ഞിരുന്നത്. ഷാജിക്ക് വരവിൽക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. നവംബറിൽ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തിയിരുന്നു. തുടർന്നാണ് ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തത്.