കണ്ണൂര്‍: പിന്തുടര്‍ച്ചാ അവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലായി. പട്ടുവം വില്ലേജ് ഓഫീസര്‍ ബി ജസ്റ്റിനെയാണ് വിജിലന്‍സ് കസ്റ്റഡിയിൽ എടുത്തത്. പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസില്‍ എത്തിയ പട്ടുവം സ്വദേശി പ്രകാശില്‍ നിന്നാണ് ഇയാള്‍ രണ്ടായിരം രൂപ കൈക്കൂലി വാങ്ങിച്ചത്.
കഴിഞ്ഞ മാസം മൂന്നാം തീയതി പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ച പ്രകാശന് വില്ലേജ് ഓഫീസര്‍ ഓരോ കാരണങ്ങള്‍ പറഞ്ഞു രേഖ നല്‍കിയില്ല. പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 5000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. അത്രയും തുക നല്‍കാനാവില്ലെന്ന് അറിയിച്ച പ്രകാശനോട് വിലപേശലിന് ഒടുവില്‍ 2000 രൂപ നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വില്ലേജ് ഓഫീസര്‍ സമ്മതിച്ചു.
പണവുമായി വരാന്‍ വില്ലേജ് ഓഫീസര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ പ്രകാശന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. നേരത്തെ ഓഫീസിന് സമീപം നിലയുറപ്പിച്ചിരുന്ന വിജിലന്‍സ് സംഘം പ്രകാശന്‍ പണം നൽകുന്ന സമയത്ത് ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.