കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച നടപടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേന്ദ്ര അന്വേഷണ ഏജൻസി ഉൾപ്പെട്ട കേസിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നും ജുഡീഷ്യൽ കമ്മീഷൻ നിയമനത്തിനെതിരെ നൽകിയ ഹർജി പരിഗണിക്കവെ ഹൈക്കോടതിയിൽ ഇഡി വാദിച്ചു. ഇഡിയുടെ വാദത്തെ സർക്കാർ എതിർത്തു. ഹർജി ഇടക്കാല ഉത്തരവിനായി മാറ്റി.
കേന്ദ്ര ഏജൻസിയുടെ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ ആണ്. കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താനാകില്ല. ജുഡിഷ്യൽ കമ്മീഷൻ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടു. പരാതി നൽകാൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന ആരോപണമുണ്ടെങ്കിൽ കോടതിയെ സമീപിക്കണമെന്നും ഇഡി വാദിച്ചു.
എന്നാൽ ജുഡീഷ്യൽ കമ്മീഷന് എതിരായ ഇഡിയുടെ ഹർജി നിൽക്കില്ലെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. ഇഡി കേന്ദ്രസർക്കാരിന് കീഴിലുള്ള ഒരു വകുപ്പ് മാത്രമാണെന്നും മുഖ്യമന്ത്രിയെ ഹർജിയിൽ കക്ഷിയാക്കിയ നടപടി തെറ്റാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് പ്രതികളെ ഭീക്ഷണിപ്പെടുത്തിയെന്ന ആരോപണവും, സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ഇഡി ശ്രമിക്കുന്നുവെന്ന ആരോപണവുമാണ് ജുഡീഷ്യൽ കമ്മീഷൻ അന്വേഷിക്കുന്നത്.
സ്വർണക്കടത്തിന്റെ അന്വേഷണം സർക്കാരിന് തിരിച്ചടിയാകാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടായിരുന്നു ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചിരുന്നത്. ഇഡിയുടെ അന്വേഷണം അട്ടിമറിക്കാനാണ് കമ്മീഷന്റെ ശ്രമമെന്ന് നേരത്തെ ഇഡി അറിയിച്ചിരുന്നു. കൂടാതെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും പേരുകൾ പുറത്ത് വന്നതിനു പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണമെന്നും നേരത്തെ ഇഡി കോടതിയിൽ അറിയിച്ചിരുന്നു.