ന്യൂഡെൽഹി: കൊറോണ നിയന്ത്രണങ്ങളിൽ ഇളവു നൽകുന്നതു ജാഗ്രതയോടെ വേണമെന്ന് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്കു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.കൊറോണ വ്യാപനം കുറഞ്ഞു തുടങ്ങിയതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയിട്ടുണ്ട്. ഇതു ജാഗ്രതയോടെ ചെയ്തില്ലെങ്കിൽ തിരിച്ചടിയുണ്ടാവും.
കേരളത്തിൽ എട്ടു ജില്ലകളിൽ പ്രത്യേക നിരീക്ഷണം വേണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ചൂണ്ടിക്കാട്ടി.രോഗസ്ഥിരീകരണ നിരക്കു കൂടുതലുള്ള ജില്ലകളിൽ പ്രത്യേകം നിരീക്ഷണവും ജാഗ്രതയും വേണം. കേരളത്തിലെ എട്ടു ജില്ലകളിൽ ടിപിആർ കൂടുതലാണെന്ന് ആരോഗ്യ സെക്രട്ടറിയുടെ കത്തിൽ പറയുന്നു.
ജില്ലാ തലത്തിലും താഴേക്കും നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്. കൊറോണ പ്രോട്ടോക്കോൾ നിശിതമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് എന്നിവയ്‌ക്കൊപ്പം കൊറോണ പ്രോട്ടോക്കോൾ, വാക്‌സിനേഷൻ എന്നിവ അടക്കമുള്ള അഞ്ചിന മാർഗങ്ങളാണ് സ്വീകരിക്കേണ്ടതെന്ന് കത്തിൽ നിർദേശിക്കുന്നു.
കേരളത്തിനു പുറമേ രാജസ്ഥാൻ, മണിപ്പൂർ, സിക്കിം, ത്രിപുര, ബംഗാൾ, പുതുച്ചേരി, ഒഡിഷ, മേഘാലയ, മിസോറം, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, അസം, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾക്കാണ് ആരോഗ്യമന്ത്രാലയം കത്തയച്ചിട്ടുള്ളത്.