തിരുവനന്തപുരം: മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വധഭീഷണി. തിരുവഞ്ചൂരിനേയും കുടംബത്തേയും വകവരുത്തുമെന്നാണ് ഭീഷണി. എം എല്‍ എ ഹോസ്റ്റലിലെ വിലാസത്തിലാണ് ഭീഷണി കത്ത് ലഭിച്ചത്.
തിരുവഞ്ചൂരും കുടുംബവും പത്ത് ദിവസത്തിനകം നാട് വിട്ടില്ലെങ്കില്‍ കുടുംബത്തോടെ വകവരുത്തുമെന്ന് പറയുന്നു. ക്രിമിനല്‍ പട്ടികയില്‍ പെടുത്തിയതിന്റെ പ്രതികാരമാണെന്നും കത്തില്‍ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നാണ്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സി പി എം പ്രവര്‍ത്തകരുടെ വധഭീഷണിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. തിരുവഞ്ചൂര്‍ രാധകൃഷ്ണനേയും ഭാര്യയേയും മക്കളേയും കൊല്ലുമെന്ന ഊമക്കത്താണ് ലഭിച്ചത്. ഭീഷണിക്കത്ത് വന്നത് ജയിലില്‍ നിന്നാണെന്നും സതീശന് ആരോപിച്ചു.
കേരളത്തില്‍ ക്രിമിനിലുകളുടെ അഴിഞ്ഞാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് വി ഡി സതീശനൊപ്പം കെ പി സി സി പ്രസിഡന്റ് കെ സുധാകരനും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.