റായ്പൂർ: യുവതിയുടെ അക്കൗണ്ടിൽ നിന്ന് മൂന്ന് മാസത്തിനിടെ അവരറിയാതെ പിൻവലിക്കപ്പെട്ടത് 3.22 ലക്ഷം രൂപ. തുടർന്ന് ഓൺലൈൻ തട്ടിപ്പ് നടന്നെന്ന സംശയത്തിൽ യുവതി പോലീസിൽ പരാതി നൽകി. ഛത്തിസ്ഗഢിലെ പൻഖാജൂർ സ്വദേശിയായ പിവി 12 മിഡിൽ സ്കൂളിൽ അധ്യാപികയായ ശുഭ്ര പാൽ പോലീസ് അന്വേഷണത്തിൽ ഞെട്ടി.
യുവതിയുടെ 12 വയസുകാരനായ മകനാണ് പണം പിൻവലിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. മൊബൈൽ ഗെയിമിൽ ഉയർന്ന ലെവലിലേക്ക് കയറ്റം ലഭിക്കാനായി ആയുധങ്ങൾ വാങ്ങാൻ വേണ്ടിയാണ് ബാലൻ ഭീമൻ തുക ചെലവിട്ടത്.
മാർച്ച് എട്ടിനും ജൂൺ 10നും ഇടയിൽ 278 തവണയായാണ് പണം പിൻവലിക്കപ്പെട്ടത്. ജൂൺ 11നാണ് അവർ പരാതി നൽകിയത്. ഒരു തവണ പോലും ഒ.ടി.പി വരാതെ പണം നഷ്ടപ്പെട്ടതോടെ പൊലീസ് പുതിയ തട്ടിപ്പ് രീതിയാണെന്ന് സംശയിച്ചു.
എന്നാൽ അക്കൗണ്ടുമായി ബന്ധിപ്പിച്ച അതേ മൊബൈൽ നമ്പറിൽ നിന്നുമാണ് പണം പിൻവലിക്കപ്പെട്ടതെന്ന് ബാങ്കിൽ അന്വേഷിച്ചപ്പോൾ മനസിലായി. പണമെല്ലാം ഓൺലൈൻ ഗെയിമിൽ മുന്നേറാനായാണ് 12കാരൻ ചെലവിട്ടത്. മൊബൈലിൽ ‘ഫ്രീഫയർ’ എന്ന ഗെയിമാണ് കളിച്ചുകൊണ്ടിരുന്നത്. ചോദ്യം ചെയ്യലിൽ മൊബൈൽ ഗെയിമിന് അടിമപ്പെട്ട കുട്ടി ഗെയിമിലെ ലെവലുകൾ വിജയിക്കാനായി പണം ചെലവിട്ടതായി സമ്മതിച്ചു.