സൗദി അറേബ്യയിൽ മലയാളി യുവാവിനെ മൂന്നാഴ്ചയായി കാണാനില്ല

റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവിനെ മൂന്നാഴ്ചയായി കാണാനില്ലെന്ന് പരാതി. കുവൈത്ത് അതിർത്തിയോട് ചേർന്നുള്ള സൗദി പട്ടണമായ ഹഫർ അൽബാത്വിനിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശി പ്രദീഷ് ചന്ദ്രശേഖരനെ (34) കഴിഞ്ഞ മൂന്ന് ആഴ്ചകളായി കാണാനില്ലെന്നാണ് പരാതി.

ഈ മാസം നാലിന് ജോലിസംബന്ധമായി സ്‌പോൺസറുടെ കൂടെ പോയതാണെന്ന് പറയപ്പെടുന്നു. അതിനുശേഷം യാതൊരു വിവരവും ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അഞ്ച് വർഷമായി ഒരു സ്വകാര്യ കമ്പനിയിലെ ട്രെയ്‌ലർ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഏപ്രിൽ രണ്ടിന് അവധികഴിഞ്ഞ് നാട്ടിൽ നിന്നെത്തിയ ഇദ്ദേഹം, നിലവിലെ ജോലിയിലുള്ള ബുദ്ധിമുട്ടുകാരണം പുതിയൊരു കമ്പനിയിലേക്ക് ജോലി മാറാൻ തയാറെടുക്കുന്നതിനിടെയാണ് കാണാതായത്.

ഇതിനിടെ ബന്ധുക്കളും സുഹൃത്തുക്കളും പലരീതിയിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാണാതായതിന് പിന്നാലെ, സൗദിയിലുള്ള ബന്ധുവിന്റെ ഫോണിലേക്ക് ഒരു പ്രാവശ്യം പ്രദീഷ് ബന്ധപ്പെട്ടിരുന്നു. ‘ജയിലിലേക്ക് കൊണ്ടുപോകുകയാണെന്ന് തോന്നുന്നു’ എന്ന് മാത്രം പറഞ്ഞ് കോൾ കട്ടാവുകയും തുടർന്ന് ഫോൺ പ്രവർത്തനരഹിതമാവുകയും ചെയ്തു.

ദമ്മാമിൽ നിന്നുള്ള സാമൂഹികപ്രവർത്തകർ അടുത്തുള്ള പൊലീസ് സ്റ്റേഷൻ ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആവശ്യപ്രകാരം പ്രദീഷിന്റെ നാട്ടുകാരനും ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനറുമായ നൈസാം തൂലികയും അൽഖസീമിലെ സാമൂഹികപ്രവർത്തകൻ ഹരിലാലും വിഷയത്തിൽ ഇടപെടുന്നുണ്ട്.