സിപിഎം പ്രവർത്തകയെ മർദ്ദിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ സായ് കൃഷ്ണ കീഴടങ്ങി

തിരുവനന്തപുരം: ആറ്റുകാലിൽ സിപിഎം പ്രവർത്തക ഗോപികയെ മർദ്ദിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ സായ് കൃഷ്ണ കീഴടങ്ങി. ഡിവൈഎഫ്ഐ ചാല ബ്ലോക്ക് കമ്മിറ്റി അംഗമായ സായ് കൃഷ്ണ പൂന്തുറ പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പ്രതിക്ക് സിപിഎം ചാല ഏര്യാ കമ്മിറ്റി സംരക്ഷണം നൽകുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് കീഴടങ്ങൽ.

നേമം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ സായ് കൃഷ്ണ മർദ്ദിച്ചുവെന്നാണ് സിപിഎം പ്രവർത്തകയായിരുന്ന ഗോപികയുടെ പരാതി. പരാതിക്ക് പിന്നാലെയും പ്രതി ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യോഗത്തിൽ പങ്കെടുക്കുന്ന സമയം തന്നെ പൊലീസിനെ അറിയിച്ചിട്ടും അറസ്റ്റ് ചെയ്യാൻ നടപടിയുണ്ടായില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു.

ഡിവൈഎഫ്ഐയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാഗമായുള്ള വാക് തർക്കത്തിനിടെയായിരുന്നു മർദ്ദനം. പരസ്യമായി മർദ്ദനമേറ്റിട്ടും പാർട്ടി കയ്യൊഴിഞ്ഞതോടെയാണ് ഗോപിക ഏപ്രിൽ മാസം മാധ്യമങ്ങളെ കണ്ടത്.വനിതാ പ്രവർത്തകയെ മർദ്ദിച്ച കേസിൽ സായ്കൃഷ്ണനെതിരെ സംഘടനാ തലത്തിൽ ഡിവൈഎഫ്ഐ നടപടി എടുത്തിട്ടില്ല.