തിരുവനന്തപുരം: തത്സമയ ഫോൺ ഇൻ പരിപാടിക്കിടെ പരാതിക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈനെതിരെ അടിയന്തിര നടപടി വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
അവസാന ആശ്രയം എന്ന നിലയിലാകും ഭർതൃവീട്ടിൽ പീഡനം അനുഭവിക്കുന്ന ആ സ്‌ത്രീ വിളിച്ചിട്ടുണ്ടാകുക. അവരുടെ ഭൗതിക സാഹചര്യം പോലും മനസിലാക്കാതെ ജോസഫൈൻ അവരെ അപമാനിച്ചു. പല ഭീഷണികളും മറികടന്നാകും ജോസഫൈനെ അവർ വിളിക്കാൻ അവസരം നേടിയത്.
എല്ലാവർക്കും പോലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടാകുമെങ്കിൽ സർക്കാർ എന്തിനാണ് ഹെൽപ്പ് ലൈൻ നമ്പറുകൾ പരസ്യപ്പെടുത്തിയത് എന്ന് പോലും ആലോചിക്കാനുള്ള ബോധമില്ലാത്ത വ്യക്തിയാണ് ജോസഫൈനെന്നും പീഡനം അനുഭവിക്കുന്ന പെൺകുട്ടികൾക്ക് സർക്കാർ സംവിധാനത്തിലെ പ്രതീക്ഷ നഷ്‌ടപ്പെടുത്തി ആത്മഹത്യയിലേക്ക് തളളിവിടുന്നതാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ ഇരയോടുള്ള ആ തൽസമയ പ്രതികരണം.
സിപിഎം പ്രവർത്തകർ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുമ്പൊൾ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണ സംഘം എന്ന നിലയിൽ ആണ് വനിതാ കമ്മീഷൻ കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണം. അവരുടെ പരിഗണനയിൽ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം ഉണ്ടാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
പരാതി പറയാൻ വിളിച്ച സ്‌ത്രീയോട് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ മോശമായി സംസാരിച്ച വിഷയത്തിൽ പിന്തുണയ്‌ക്കാതെ സിപിഎം നേതാക്കളും. പരാതി പറയാൻ വിളിക്കുന്നവരോട് മോശമായി സംസാരിക്കരുതെന്നാണ് തന്റെ നിലപാടെന്ന് സിപിഎം നേതാവും മുൻ എം.പിയുമായ പി.കെ ശ്രീമതി.
ജോസഫൈൻ സംസാരിച്ചതെന്താണെന്ന് പൂർണമായി കേൾക്കാൻ സാധിച്ചില്ല. തെറ്റ് പറ്റിയെങ്കിൽ അത് തുറന്ന് പറയാൻ തയ്യാറാകണമെന്നും പരാതി പറയാൻ വിളിക്കുന്നവരോട് മോശമായി സംസാരിച്ചെങ്കിൽ അത് ജോസഫൈൻ വിശദീകരിക്കണമെന്നും അവർ പറഞ്ഞു.
ദുരനുഭവം നേരിട്ട യുവതി വിളിച്ചപ്പോൾ അപമര്യാദയായി സംസാരിച്ച വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെ മാറ്റണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രനും. വനിതകൾക്ക് ആവശ്യമില്ലാത്ത വനിത കമ്മീഷനെ എന്തിനാണ് സർക്കാർ അരിയിട്ടു വാഴിക്കുന്നതെന്ന് മനസിലാവുന്നില്ല. ഗാർഹിക പീഡനത്തേക്കാൾ വലിയ മാനസിക പീഡനമാണ് വനിത കമ്മീഷൻ അധ്യക്ഷയിൽ നിന്നും സ്ത്രീകൾ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ധാർഷ്ട്യവും കഴിവുകേടും അലങ്കാരമാക്കിയ ജോസഫൈനെ പോലുള്ളവർ വനിത കമ്മീഷൻ അധ്യക്ഷയായിരിക്കുന്നത് സംസ്ഥാനത്തെ മുഴുവൻ വനിതകൾക്കും നാണക്കേടാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.