ജീവപര്യന്തം വരെ ലഭിക്കാം; കിരൺ കുമാറിനെതിരെ ശക്തമായ തെളിവെന്ന് ഐജി ഹർഷിത

കൊല്ലം : നിലമേലിൽ ഭർതൃപീഡനത്തെ തുടർന്ന് വിസ്മയയെന്ന യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിനെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഐജി ഹർഷിത അട്ടല്ലൂരി. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഹർഷിത അട്ടല്ലൂരി.

മെഡിക്കൽ, ഇലക്‌ട്രോണിക്‌സ് തെളിവുകളെല്ലാം ശക്തമാണ്. കുറ്റക്കാർക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്നും ഐജി പറഞ്ഞു. വിസ്മയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോക്ടറുമായി കൂടുതൽ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ല. വിസ്മയയുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽക്കാർ തുടങ്ങിയവരിൽ നിന്നും മൊഴിയെടുക്കുമെന്നും ഐജി പറഞ്ഞു.

കൊലക്കുറ്റം 302 ആണ്. സ്ത്രീധനമരണമാണെങ്കിൽ 304 (ബി) ആണ്. ഏഴു വർഷം മുതൽ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ്. കൊലപാതകമാണോ എന്നതല്ല, ഒരു പെൺകുട്ടിയുടെ ജീവൻ പോയതല്ലേ. ഇത് ഗുരുതരമായ കേസാണ്. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഐജി പറഞ്ഞു.