ജയിലുകളിൽ നിർമ്മിച്ചത് ആറ് ലക്ഷം മാസ്കുകൾ ; 48 ജയിലുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 48 ജയിലുകളിലേക്ക് കൂടി മാസ്ക് നിർമാണം വ്യാപിപ്പിക്കുമെന്നു സംസ്ഥാന ജയിൽ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് അറിയിച്ചു.

വിയ്യൂർ, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, എറണാകുളം കേന്ദ്രങ്ങളിൽ പ്രധാന ജയിൽ സ്ഥാപനങ്ങളിലൂടെയാണ് മാസ്ക് വിൽപന ഇപ്പോൾ നടക്കുന്നത്. എന്നാൽ സംസ്ഥാനത്തെ ചെറുതും വലുതുമായ 48 ജയിൽ സ്ഥാപനങ്ങളിൽ കൂടി മാസ്ക് നിർമാണം വ്യാപിപ്പിക്കാനാണ് ജയിൽ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ആറ് ലക്ഷത്തോളം മാസ്കുകൾ ഇതുവരെ ജയിൽ വകുപ്പ് നിർമിച്ചു നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് പൂജപ്പുരയിലെ കേന്ദ്രീകൃത വിൽപന കേന്ദ്രത്തിൽ പ്രതിദിനം 1000 കോട്ടൺ മാസ്കുകൾ ലഭ്യമാക്കുന്നുണ്ട്. മാസ്കിന് 10 രൂപവച്ചും 100 മില്ലി ലിറ്റർ സാനിറ്റൈസറിന് 50 രൂപ വച്ചുമാണ് ഇപ്പോൾ പൊതുജനങ്ങൾക്ക് വിൽക്കുന്നത്.14346 ലിറ്റർ സാനിറ്റൈസറാണ് ജയിൽ വകുപ്പ് ഇതുവരെ നിർമിച്ചു നൽകിയിട്ടുള്ളത്.

ചെറിയ സ്ഥാപനങ്ങളിൽ 300-500 വരെയും വലിയ സ്ഥാപനങ്ങളിൽ 1000-2000 വരെയും മാസ്കുകൾ വിൽപനയ്ക്ക് ഉണ്ടാവും. ഈ സൗകര്യം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ഋഷിരാജ് സിംഗ് അറിയിച്ചു.