തൃശ്ശൂർ : മുള്ളൂർക്കരയിൽ സ്ഫോടനമുണ്ടായ പാറമടയിൽ സ്ഫോടനം നടന്ന സ്ഥലത്ത് അഞ്ച് അടിയോളം താഴ്ചയുള്ള ഗർത്തം കണ്ടെത്തിയതായി ഫയർഫോഴ്സ് പറഞ്ഞു. സ്ഥലത്ത് വൻതോതിൽ സ്ഫോടക വസ്തുക്കൾ സംഭരിച്ചിരുന്നതായാണ് ഇതു നൽകുന്ന സൂചന. സംഭവത്തിന്റെ നടുക്കത്തിലാണ് പ്രദേശവാസികൾ. പോലീസും, ഫയർഫോഴ്സും പ്രാഥമിക പരിശോധന നടത്തി.
രാത്രി എട്ട് മണിയോടെയാണ് മുള്ളൂർക്കര എംഎച്ച് അബ്ദുൾ സലാമിന്റെ ഉടമസ്ഥതയിലുള്ള പാറമടയിൽ സ്ഫോടനം ഉണ്ടായത്. കഴിഞ്ഞ ആറ് മാസക്കാലമായി പൂട്ടിയിട്ടിരുന്ന പാറമടയാണ് ഇത്. ലൈസൻസ് ഇല്ലാത്തതിനെ തുടർന്ന് മൂന്ന് വർഷങ്ങൾക്ക് മുൻപ് ക്വാറി അന്നത്തെ സബ്കളക്ടർ പൂട്ടിച്ചിരുന്നു. ഇവിടെ എന്തിനാണ് ഇത്രയും അധികം സ്ഫോടക വസ്തുക്കൾ സംഭരിച്ചിരുന്നതെന്ന സംശയമാണ് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നത്.
പാറമടയുടമയുടെ രാഷ്ട്രീയ സ്വാധീനം അന്വേഷണത്തെ ബാധിക്കുമോയെന്നും നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നു. തോട്ടപൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പോലീസ് പറയുന്നത്. സംഭവ സ്ഥലത്ത് ഫോറൻസിക് വിഭാഗം ഉൾപ്പെടെ പരിശോധന നടത്തും. സ്ഫോടക വസ്തുവുൾപ്പെടെ പരിശോധിച്ചതിന് ശേഷമേ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭ്യമാകുകയുള്ളൂ.
പാറമടയ്ക്ക് നിലവിലും ലൈസൻസില്ലെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
സ്ഫോടന സമയത്ത് നേതാവിന്റെ സഹോദരൻ ഉൾപ്പെടെ ആറ് പേരാണ് പാറമടയിൽ ഉണ്ടായിരുന്നത്. ഇതിൽ സഹോദരൻ നൗഷാദ് സലാം മരിക്കുകയും, മറ്റ് അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.