അണഞ്ഞു പാട്ടിന്റെ ശരറാന്തൽ ; പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ അന്തരിച്ചു

തിരുവനന്തപുരം: മലയാളം ഹൃദയത്തിലേറ്റിയ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപി പൂവച്ചൽ ഖാദർ (72) അന്തരിച്ചു. കൊറോണ ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം രാത്രി 12.15ന് ആയിരുന്നു. സംസ്കാരം ഇന്നു പൂവച്ചൽ ജുമാ മസ്ജിദിൽ.

മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതി. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ…’ (ചാമരം), ‘ഏതോ ജന്മ കൽപനയിൽ…’ (പാളങ്ങൾ), ‘അനുരാഗിണി ഇതായെൻ…’ (ഒരു കുടക്കീഴിൽ) തുടങ്ങിയവയടക്കം ഖാദറിന്റെ ഗാനങ്ങളിൽ പലതും എക്കാലത്തും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീതജീവിതത്തിന്റെ കൂടി ഭാഗമാണ്.

ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ, മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു…’ യേശുദാസിന്റെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിൽ ഒന്ന്. രചനാജീവിതത്തിൽ ഖാദറിന് വഴിത്തിരിവായത് പാട്ടാണെന്ന് അദ്ദേഹം വിശ്വസിച്ചു. കായലും കയറും(1979) എന്ന ചിത്രത്തിലെ മറ്റു പാട്ടുകളും ജനപ്രീതി നേടി.

‘ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ എത്തിടാമോ പെണ്ണേ ചിറയൻകീഴിലെ പെണ്ണേ ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ…’ (യേശുദാസ്), ‘കടക്കണ്ണിലൊരു കടൽ കണ്ടു…’ (വാണി ജയറാം), ‘രാമായണത്തിലെ ദുഃഖം…’ (എൻ.വി.ഹരിദാസ്).

പൂവച്ചൽ ആദ്യമായി ഒരു മുഴുനീള ഗാനമെഴുതിയത് സുവിശേഷമുത്തു സംവിധാനംചെയ്ത ‘കാറ്റു വിതച്ചവൻ'(1973) എന്ന ചിത്രത്തിനുവേണ്ടിയാണ്. പീറ്റർ റൂബന്റെ സംഗീതത്തിൽ മേരി ഷൈല പാടിയ ആ ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രിസ്തീയ ഭക്തിഗാനമായി ഇന്നും നിലനിൽക്കുന്നു. ‘നീയെന്റെ പ്രാർഥന കേട്ടു, നീയെന്റെ മാനസം കണ്ടു…” അതേ ചിത്രത്തിലാണ് യേശുദാസ് ശബ്ദം നൽകിയ ആ മനോഹരപ്രണയഗാനവും.
‘മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു…’ മലയാള സിനിമാ സംഗീതചരിത്രത്തിന്റെ ഭാഗമായി മാറിയ ജൈത്രയാത്ര തുടങ്ങിയിരുന്നതേയുള്ളൂ പൂവച്ചൽ.

‘ഏതോ ജന്മകല്പനയിൽ…’ (പാളങ്ങൾ), ‘ഇതിലേ ഏകനായ്…’ (ഒറ്റപ്പെട്ടവർ), ‘ഋതുമതിയായ് തെളിമാനം…’ (മഴനിലാവ്), ‘അനുരാഗിണീ ഇതായെൻ…’ (ഒരു കുടക്കീഴിൽ), ‘സിന്ദൂര സന്ധ്യക്ക് മൗനം…’ (ചൂള), ‘രാജീവം വിടരും നിൻ മിഴികൾ…’ (ബെൽറ്റ് മത്തായി), പണ്ടൊരു കാട്ടിലൊരാൺസിംഹം (സന്ദർഭം), ‘കരളിലെ കിളി പാടി…’ (അക്കച്ചീടെ കുഞ്ഞുവാവ), ‘മന്ദാരച്ചെപ്പുണ്ടോ…’ (ദശരഥം), ‘പൂമാനമേ…’ (നിറക്കൂട്ട്) ‘ പൊൻവീണേ…’ (താളവട്ടം), ‘കിളിയേ കിളിയേ…’ (ആ രാത്രി), ‘കായൽക്കരയിൽ തനിച്ചുവന്നത്…’ (കയം)…. മലയാളികൾ ഇന്നും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന പാട്ടുകൾ …. തീരുന്നില്ല പൂവച്ചലിൻ്റെ ഭാവനകൾ.

എൻജിനിയറുടെ കുപ്പായം ഉപേക്ഷിച്ചു പാട്ടെഴുത്തുകാരനായ കഥയാണ് പൂവച്ചലിന്റേത്. വലപ്പാട്ട് ശ്രീരാമ പോളിടെക്നിക്കിൽ നിന്ന് എൻജിനിയറിങ് ഡിപ്ലോമയും തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ നിന്ന് എഎംഐഇയും നേടിയ ഖാദറിന്റെ ആദ്യനിയമനം കോഴിക്കോട്ടായിരുന്നു. ഓവർസിയറായിട്ടാണ് തുടക്കം. പിന്നെ അസിസ്റ്റന്റ് എൻജിനിയറായി.
ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ കാനേഷ് പൂനൂർ വഴി ഐവി ശശിയെ പരിചയപ്പെട്ടതാണ് പൂവച്ചലിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.

കാനേഷിന്റെ ശുപാർശയിൽ ‘കവിത'(1973) എന്ന ചിത്രത്തിൽ ഗാനരചയിതാവായി പൂവച്ചലിനെ ശശി പരീക്ഷിച്ചു. നടി വിജയനിർമലയുടെ ആദ്യ സംവിധാനസംരംഭമായാണ് അറിയപ്പെടുന്നതെങ്കിലും ‘കവിത”യുടെ ചിത്രീകരണച്ചുമതല മുഴുവൻ ഏറ്റെടുത്തത് ആർട്ട് ഡയറക്ടറായ ശശിയാണ്. ഭാസ്കരൻ മാസ്റ്റർ ഗാനങ്ങളെഴുതിയ ആ പടത്തിൽ ചില കവിതാശകലങ്ങൾ രചിച്ചുകൊണ്ടാണ് പൂവച്ചൽ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്.
ആമിനയാണ് ഭാര്യ. മക്കൾ: തുഷാര, പ്രസൂന.