കൊല്ലം: ക്രിമിനൽ ഗൂഡാലോചനയ്ക്കും തട്ടിക്കൊണ്ട് പോകലിനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ഉദ്ധരിച്ച് കൊല്ലം സ്വദേശിയായ അഭിഭാഷകൻ ആദർശാണ് ഡിജിപിക്ക് പരാതി നൽകിയത്. തൻ്റെ മകളെ തട്ടിക്കൊണ്ട് പോകാൻ സുധാകരൻ ശ്രമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
മക്കളെ തട്ടിക്കൊണ്ട് പോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്ന് അദ്ദേഹത്തിൻ്റെ അടുപ്പക്കാരനായ കോൺഗ്രസ് നേതാവ് പറഞ്ഞുവെന്നാണ് പിണറായി വിജയന് വാർത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ബ്രണ്ണൻ കോളേജിൽ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരൻ്റെ പരാമർശം തള്ളി കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വിദ്യാർത്ഥി രാഷ്ട്രീയനാളുകൾക്ക് ശേഷവും കലുഷിതമായ കണ്ണൂരിലെ സജീവ രാഷ്ട്രീയ കാലത്ത് തൻ്റെ മക്കളെ തട്ടിക്കൊണ്ട് പോകാൻ വരെ സുധാകരൻ പദ്ധതിയിട്ടെന്ന് ഇതുവരെ പറയാത്ത ആരോപണം കൂടി പിണറായി ഉന്നയിച്ചതോടെ വിവാദം കൊഴുത്തു.
അതേസമയം പിണറായി വിജയനെ ബ്രണ്ണൻ കോളജിൽ വച്ച് ചവിട്ടിയെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. ലേഖകന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താനെന്നും ‘ഓഫ് ദി റെക്കോർഡ്’ പറഞ്ഞ കാര്യമാണ് മാധ്യമപ്രവർത്തകൻ തന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്ര സംസ്കാരഹീനമായ പ്രതികരണം ഒരു മുഖ്യമന്ത്രിയിൽ നിന്നുണ്ടാകുന്നത് കേരള ചരിത്രത്തിൽ ഇതാദ്യമാണെന്ന് സുധാകരൻ പ്രതികരിച്ചു.