ചെന്നൈ: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആകെയുണ്ടായിരുന്ന രണ്ടുപവൻ സ്വർണമാല ഊരി നൽകിയ യുവതിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജോലി വാഗ്ദാനം ചെയ്തു. സ്റ്റാലിൻ മേറ്റൂർ ഡാം സന്ദർശിക്കാൻ എത്തിയ വേളയിലാണ് ആർ. സൗമ്യ മുഖ്യമന്ത്രിക്ക് സ്വർണമാല നൽകിയത്. കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് ബിരുദദാരിയായ സൗമ്യ ഇതോടൊപ്പം ഒരു ജോലി അപേക്ഷയായി ഒരു കത്തും സമർപിച്ചിരുന്നു.
തൻ്റെ അവസ്ഥ പരിഗണിച്ച് ഒരു സ്വകാര്യ സ്ഥാപനത്തിലെങ്കിലും ജോലി തരപ്പെടുത്തി നൽകണമെന്നാണ് സൗമ്യ അഭ്യർഥിച്ചത്. കുടുംബത്തിൻ്റെ അവസ്ഥ ബോധ്യപ്പെട്ട സ്റ്റാലിൻ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള ജോലി നൽകുമെന്ന് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
മാതാവ് ന്യൂമോണിയ ബാധിച്ച് മരിച്ചതാണെന്നും ആവിൻ മിൽക്കിൽ നിന്നും വിരമിച്ച പിതാവിനൊപ്പം വാടകവീട്ടിലാണ് താമസിക്കുന്നതെന്നും കത്തിൽ സൗമ്യ എഴുതിരുന്നു. പിതാവിൻ്റെ 7000 രൂപ പെൻഷനിലാണ് കുടുംബം കഴിഞ്ഞുപോകുന്നത്. ഇതിൽ 3000 രൂപ വാടകയായി നൽകണം.
ബാക്കിയുള്ള 4000 രൂപ വെച്ചാണ് തങ്ങൾ ഒരുമാസം ജീവിക്കുന്നതെന്നും സൗമ്യ മുഖ്യമന്ത്രിക്ക് എഴുതി. കൈവശം പണമില്ലാത്തതതിനാലാണ് ദുരിതാശ്വാസ നിധിയിലേക്ക് മാല ഊരി നൽകിയതെന്നും സൗമ്യ അറിയിച്ചിരുന്നു. പാവപ്പെട്ട യുവതിയുടെ പ്രാരാബ്ധങ്ങൾ സ്റ്റാലിൻ്റെ മനസലിയിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി ജോലി വാഗ്ദാനം ചെയ്‌തത്.