തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകളെ സംബന്ധിച്ച് തീരുമാനം ഇന്ന് ഉണ്ടാകും. 17 മുതല്‍ സംസ്ഥാന വ്യാപകമായി ഒരേ രീതിയില്‍ ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇളവുകളെ സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും.
അന്തര്‍ജില്ലാ യാത്രകളടക്കം വിലക്കി അടച്ചിട്ടുള്ള ലോക്ക്ഡൗണ്‍ വ്യാഴാഴ്ചയ്ക്ക് ശേഷം മുന്നോട്ടു പോകാനാകില്ലെന്ന പൊതുവികാരമാണ് ഉയര്‍ന്നിരിക്കുന്നത്. രണ്ടാം തരംഗത്തിന് ശേഷമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയുണ്ടായാല്‍ മൂന്നാംതരംഗം ഗുരുതരമാകാനും നിലവിലെ സ്ഥിതിയും വഷളാകാനും സാധ്യത ഏറെയാണ്. അതു കൊണ്ട് അതീവശ്രദ്ധയോടെയായിരിക്കും തീരുമാനം.
ടിപിആര്‍ കൂടിയ തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാവും നിയന്ത്രണങ്ങള്‍ തുടരുക. ടെസ്റ്റ് പോസിറ്റിവീറ്റി കുറഞ്ഞ പ്രദേശങ്ങളില്‍ ഓട്ടോ, ടാക്സി സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കിയേക്കും. കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ക്കും അനുമതി ലഭിച്ചേക്കും.
തുണിത്തരങ്ങളും ചെരിപ്പുകളും കണ്ണടയും വില്‍ക്കുന്ന കടകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നല്‍കാനിടയുണ്ട്.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് നേരത്തേ തന്നെ തുറക്കാന്‍ അനുമതിയുണ്ടായിരുന്നു. ആരാധനാലയങ്ങൾ, തിയേറ്ററുകള്‍. ബാറുകള്‍, ജിം, മള്‍ട്ടിപ്ലക്സുകള്‍ എന്നിവക്ക് ഈ ‘അണ്‍ലോക്ക്’ പ്രക്രിയയിലും തുറക്കാന്‍ അനുമതി നല്‍കാനിടയില്ല.