പത്തനംതിട്ട: തറയിൽ ഫിനാൻസിന്റെ സാമ്പത്തിക തട്ടിപ്പിൽ പോലീസ് ഫിനാൻസ് ഉടമ സജി സാമിനെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്. നിരവധി പേരാണ് സ്ഥാനത്തിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. പോപ്പുലർ ഫിനാൻസിൻ്റെ ഞെട്ടിക്കുന്ന തട്ടിപ്പിന് പിന്നാലെയാണ് പുതിയ തട്ടിപ്പ് പരാതി പത്തനംതിട്ടയിൽ ഉയർന്നത്.
വഞ്ചനാക്കുറ്റത്തിനാണ് സജിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അടൂർ, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസുകൾ. ഇവിടെയുള്ളത് നൂറുകോടിയോളം രൂപയുടെ നിക്ഷേപമാണ്. തറയിൽ ഫിനാൻസ് നാല് പതിറ്റാണ്ടോളം പ്രവർത്തന പരിചയമുള്ള സ്ഥാപനമാണ്. പത്തനംതിട്ട ഓമല്ലൂരിൽ ആണ് സ്ഥാപനം.
പത്തനംതിട്ട പോലീസ് ഇന്നലെ ഓമല്ലൂരിലെ ഹെഡ് ഓഫീസിൽ പരിശോധന നടത്തി. ഓഫീസ് ശാഖാ മാനേജരെ വിളിച്ചുവരുത്തി തുറപ്പിക്കുകയായിരുന്നു. നിക്ഷേപകർക്ക് കൃത്യമായി പലിശ ഇക്കഴിഞ്ഞ ഫെബ്രുവരി വരെ കിട്ടുന്നുണ്ടായിരുന്നു. 10 ലക്ഷം നിക്ഷേപിച്ച ഒരാൾ പലിശ മുടങ്ങിയതോടെയാണ് പരാതി നൽകിയത്. നിക്ഷേപകനെയും ബാങ്ക് ഉടമ സജി സാമിനേയും ഈ പരാതിയുടെ അടിസ്ഥാനത്തിൽ നേരിട്ട് വിളിക്കുകയും തുടർന്ന് നടത്തിയ ചർച്ചയിൽ പണം ഏപ്രിൽ മാസം 30 ന് തിരികെ നൽകാമെന്നുമുള്ള വ്യവസ്ഥയിൽ കേസ് എടുക്കാതെ വിട്ടു.
എന്നാൽ ബാങ്ക് ഉടമയ്ക്ക് പണം പറഞ്ഞ അവധിയിൽ നൽകാൻ കഴിഞ്ഞില്ല. അടഞ്ഞു കിടക്കുന്ന ശാഖകളാണ് പിന്നീട് പല തവണയായി പണം പിൻവലിക്കാൻ എത്തിയവർ കണ്ടത്. ഇതോടെ ആളുകൾ കൂടുതൽ പരാതിയുമായെത്തി. അമേരിക്കൻ പാസ്പോർട്ടുള്ള സജി രാജ്യം വിട്ടുപോകാൻ സാദ്ധ്യതയില്ലെന്നാണ് പൊലീസിന്റെ അനുമാനം. കേസ് അന്വേഷിക്കുന്നത് എസ്.പി ആർ. നിശാന്തിനിയുടെ മേൽനോട്ടത്തിലാണ്.