കണ്ണൂർ: കേളകത്ത് പിഞ്ച് കുഞ്ഞിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. കൊട്ടിയൂർ പാലുകാച്ചി സ്വദേശി രതീഷ് (43) ആണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മ രമ്യയെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ചോദ്യം പോലീസ് ചെയ്തുവരികയാണ്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു. വിശദമായ അന്വേഷണം നടത്താൻ പോലീസിന് നിർദേശം നൽകി.
കേളകം കണിച്ചാർ അംശം ചെങ്ങോത്ത് ഒരു വയസുള്ള പെൺകുട്ടിക്കു നേരെയായിരുന്നു രണ്ടാനച്ഛൻറെ അതിക്രമം. മരക്കഷണം കൊണ്ടുള്ള അടിയിൽ കുട്ടിയുടെ തോളെല്ല് പൊട്ടി. തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ മുൻപും മർദിച്ചിരുന്നതായി പോലീസ് പറയുന്നു. രാത്രിയിൽ വെറുംനിലത്താണ് കുട്ടിയെ കിടത്തിയിരുന്നതെന്നും പറയുന്നു.
പരിക്കേറ്റ കുഞ്ഞിനെ രാത്രി എട്ടിന് പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുക യായിരുന്നു. കുട്ടി അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.