ഉന്നതവിദ്യാഭ്യാസമന്ത്രി പ്രൊഫസർ ആർ ബിന്ദുവെന്നല്ല, ഡോ ആർ ബിന്ദുവെന്നാകും ഇനി അറിയപ്പെടുക

കണ്ണൂർ: ഉന്നതവിദ്യാഭ്യാസ മന്ത്രി പ്രൊഫസർ ആർ. ബിന്ദുവെന്നല്ല, ഇനിമുതൽ ഡോക്ടർ ആർ. ബിന്ദുവെന്നാണറിയപ്പെടുകയെന്ന് ചീഫ് സെക്രട്ടറി ഡോക്ടർ വിപി ജോയ് വിജ്ഞാപനം പുറപ്പെടുവിച്ചു. മന്ത്രിയായതു സംബന്ധിച്ച് മേയ് 20-ന് 1600, 1601 നമ്പർ ഗസറ്റുകളിലായി വിജ്ഞാപനങ്ങളിൽ പ്രൊഫ. ആർ ബിന്ദുവെന്ന് രേഖപ്പെടുത്തിയത് തിരുത്തിയാണിത്.

തൃശ്ശൂർ കേരളവർമ കോളേജിൽ ഇംഗ്ലീഷിൽ അസോസിയേറ്റ് പ്രൊഫസറായ ബിന്ദു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രൊഫസർ ആർ. ബിന്ദുവായ ഞാൻ എന്നാണ് തുടങ്ങിയത്. ഉദ്യോഗത്തിലെ പദവി പറഞ്ഞുകൊണ്ടുള്ള പ്രതിജ്ഞ അനുചിതമാണെന്നും പ്രൊഫസർ എന്ന അവകാശവാദം തെറ്റാണെന്നും വിമർശനമുയർന്നിരുന്നു.

പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചുകഴിഞ്ഞിട്ടില്ലെന്നിരിക്കേ സത്യപ്രതിജ്ഞയിൽ സ്വയം അങ്ങനെ വിശേഷിപ്പിച്ചത് നിയമനടപടിക്ക് കാരണമായേക്കുമെന്ന സന്ദേഹത്തെത്തുടർന്നാണ് വിജ്ഞാപനം. ദേവികുളത്തു നിന്നു തിരഞ്ഞെടുക്കപ്പെട്ട എ. രാജ സത്യപ്രതിജ്ഞയിൽ ദൈവനാമത്തിൽ എന്നോ സഗൗരവം എന്നോ എടുത്തുപറയാതിരുന്നത് വിവാദമായിരുന്നു. മുമ്പ് കൊടുങ്ങല്ലൂരിൽനിന്ന് ജയിച്ച ഉമേഷ് ചള്ളിയിലിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതുവരെയുള്ള 43 ദിവസത്തെ ആനുകൂല്യങ്ങൾ തിരിച്ചുപിടിച്ചിരുന്നു.