മുംബൈ: വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് എംപി സ്ഥാനം നഷ്ടമാകാൻ സാധ്യതയുണ്ടെന്ന സൂചനക്കിടെ എംപിയ്ക്ക് രണ്ടു ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി. മഹാരാഷ്ട്രയിൽ നിന്നുള്ള സ്വതന്ത്ര എംപിയായ നവനീത് കൗർ റാണയ്ക്കാണ് ബോംബൈ ഹൈക്കോടതി പിഴ ചുമത്തിയത്. അമരാവതിയിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് നവനീത് കൗർ റാണ. സിനിമാ താരം കൂടിയായ നവനീത് കൗർ റാണ ആദ്യമായാണ് എംപിയാകുന്നത്.
വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് നവനീത് കൗർ റാണയുടെ എംപി സ്ഥാനം തന്നെ നഷ്ടമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ശിവസേനാ നേതാവ് ആനന്ദ് റാവുവിനെ തോൽപ്പിച്ചാണ് ഇവർ എംപിയായത്. ശിവസേനയ്ക്കെതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ പലപ്പോഴും മാദ്ധ്യമ ശ്രദ്ധ നേടിയ എംപിയാണിവർ.
മഹാരാഷ്ടാ സർക്കാരിനെതിരെ പാർലമെന്റിൽ സംസാരിച്ചാൽ തന്നെ ജയിലിൽ അടയ്ക്കുമെന്ന് ശിവസേനാ എംപി അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയെന്ന് നവനീത് കൗർ റാണ അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു. തനിക്ക് നേരെ ആസിഡ് ആക്രമണം നടത്തുമെന്ന ഭീഷണിയുണ്ടെന്നും ഇവർ പറഞ്ഞിരുന്നു.