കൊടകര കുഴപ്പണക്കേസില്‍ വിവരങ്ങള്‍ എന്‍ഫോഴസ്‌മെന്റിന് കൈമാറിയെന്ന് മുഖ്യമന്ത്രി; സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ വിവരങ്ങള്‍ എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കേസില്‍ അന്വേഷണം തുടരുകയാണെന്നും തൃശ്ശൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ 1.12 കോടി രൂപയും ഇത് ഉപയോഗിച്ച് വാങ്ങിയ 347 ഗ്രാം സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

അതേസമയം കേസില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കേസിലെ ബിജെപി നേതാക്കളുടെ പങ്ക് പുറത്ത് വരുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

കുഴല്‍പ്പണം കൊണ്ട് വന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉപയോഗിക്കാനാണെന്ന് വ്യക്തമായിട്ടുണ്ട്. അന്വേഷണം ത്വരിതപ്പെടുത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്