ആരുമറിയാതെ ഷൂട്ടിംഗ്; സീതാകല്യാണം സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍

വര്‍ക്കല : ലോക്ക്ഡൗണില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഷൂട്ടിംഗ് നടത്തിയ സീരിയല്‍ താരങ്ങള്‍ അടക്കം ഇരുപത് പേരെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. വര്‍ക്കലയിലെ ഒരു റിസോര്‍ട്ടില്‍ വെച്ചാണ് ഇവര്‍ രഹസ്യമായി സീരിയല്‍ ഷൂട്ട് ചെയ്തത്. റിസോര്‍ട്ടില്‍ നിയമലംഘനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധനയ്‌ക്കെത്തിയത്.

പോലീസെത്തിയപ്പോള്‍ സീരിയല്‍ താരങ്ങളും ടെക്നീഷ്യന്‍മാരുമടക്കം ഇരുപതോളം പേരുണ്ടായിരുന്നു. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കും. റിസോര്‍ട്ടില്‍ നിയമം ലംഘിച്ച്‌ ചിത്രീകരണത്തിന് അവസരമൊരുക്കിയതിന് ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. റിസോര്‍ട്ട് പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ മാസം എട്ടാം തീയതി മുതല്‍ക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങളുടെ കൂട്ടത്തില്‍ സിനിമ, സീരിയല്‍ തുടങ്ങിയവയുടെ ചിത്രീകരണവും വിലക്കിയിട്ടുണ്ട്.