ജന,വാഹന തിരക്ക്; പാലക്കാട് അടച്ചു തിരുവനന്തപുരത്ത് വാഹനക്കുരുക്ക്

പാലക്കാട്/തിരുവനന്തപുരം: ഹോട്ട്‍സ്‍പോട്ട് മേഖലയായ പാലക്കാട് നഗരം അടച്ചു. രാവിലെ അനിയന്ത്രിതമായി വാഹനങ്ങള്‍ വന്നതിന് പിന്നാലെയാണ് കടുത്ത നടപടി. നഗരത്തിലേക്ക് ഒരു എന്‍ട്രിയും ഒരു എക്സിറ്റും മാത്രമാണ് നിലവിലുള്ളത്. സ്വകാര്യ വാഹനങ്ങൾ കൂടുതൽ റോഡില്‍ എത്തിയതോടെ പൊലീസ് ആളുകളെ തിരിച്ചയച്ചിരുന്നു.

ലോക്ക് ഡൗണിൽ ഇളവ് വന്നതിന് പിന്നാലെ ഹോട്ട്സ്പോട്ടായ നഗരപ്രദേശങ്ങളിൽ പോലും ഇന്ന് വന്‍തിരക്കായിരുന്നു. ഇളവുകൾ നിലവിൽ വരുന്ന ഓറഞ്ച് ബിയിലാണ് തിരുവനന്തപുരം ജില്ലയെങ്കിലും കോർപ്പറേഷൻ പരിധി ഇളവില്ലാത്ത ഹോട്ട്‍സ്‍പോട്ട് മേഖലയിലാണ്. എന്നാൽ ഇന്ന് എംസി റോഡിലടക്കം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പൊലീസ് തിരിച്ചറിയിൽ പരിശോധന ശക്തമാക്കിയതോടെ എല്ലായിടത്തും മണിക്കൂറുകൾ നീണ്ട ക്യൂ. ചിലയിടങ്ങളിൽ പൊലീസിന് പോലും നിയന്ത്രിക്കാനാകാത്ത സ്ഥിതിയായിരുന്നു.

കാട്ടാക്കടയിൽ തുണക്കടകളും ചെരിപ്പുകടകളും വരെ തുറന്നു. നെടുമങ്ങാട് വിലക്ക് ലംഘിച്ച് ഓട്ടോകൾ നിരത്തിലറങ്ങി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളല്ലാത്തവ പൊലീസെത്തി അടപ്പിച്ചു. തൃശൂർ പാലിയേക്കരിയൽ രാവിലെ ടോൾ പിരിവ് തുടങ്ങി. യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയതോടെ പിരിവ് നിർത്തിവെച്ചു. ഗ്രീൻ സോണിൽപട്ട കോട്ടയത്തും ഇടുക്കിയിലും നേരത്തേ പ്രഖ്യാപിച്ച ഇളവുകൾ പിൻവലിച്ച് കളക്ടര്‍മാര്‍ ഉത്തരവിറക്കി.