തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാർ; തന്റെ ഫോൺ നമ്പർ നന്ദകുമാർ ബ്ലോക്ക് ആക്കി: ആരോപണങ്ങളുമായി പ്രിയങ്ക

അരൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാറെന്ന് ഹാസ്യ നടി പ്രിയങ്കയുടെ ആരോപണം. ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായതെന്നും പ്രിയങ്ക പറഞ്ഞു. തെരഞ്ഞെടുപ്പ് ചിലവുകൾ വഹിച്ചതും നന്ദകുമാറായിരുന്നു. കുറച്ചുഫണ്ടാണ് നൽകിയത്.

വലിയ രീതിയിലുള്ള പാർട്ടി പ്രവർത്തനങ്ങളൊന്നും താൻ നടത്തിയിട്ടില്ല. ‘നന്ദകുമാർ തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചു. തെരഞ്ഞെടുപ്പ് ചെലവ് വഹിച്ചതും നന്ദകുമാർ തന്നെയാണ്. ഇലക്ഷൻ ഫണ്ട് നൽകിയത് നന്ദകുമാറിന്റെ സഹായി ജയകുമാർ വഴിയാണ്. ജയകുമാർ അയാളുടെ അക്കൗണ്ടിൽ നിന്ന് ഗൂഗിൾപേയിലൂടെ 150000 രൂപ എസ് ബി ഐ വെണ്ണല ബ്രാഞ്ചിലേക്ക് തന്നു. ബാക്കി ബൈഹൈാന്റ് തന്നു. 4 ലക്ഷം രൂപയോളം നേരിട്ടും തന്നു. ആകെ 7 ലക്ഷം രൂപ ചിലവായി.

തന്റെ പക്കൽ നിന്ന് ചിലവാക്കിയ തുക നന്ദകുമാർ നൽകിയില്ല. തന്റെ ഫോൺ നമ്പർ നന്ദകുമാർ ബ്ലോക്ക് ആക്കി. തെരഞ്ഞെടുപ്പ് ചിലവ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കണക്കുകൾ നന്ദകുമാറിന്റെ പക്കലാണെന്നും’ പ്രിയങ്ക പൊലീസിനോട് പറഞ്ഞു.

കണക്കുകൾ സംബന്ധിക്കുന്ന രേഖകൾ തനിക്ക് വേണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പോലീസിന് പരാതി നൽകിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.