ആലപ്പുഴയും കൊറോണ വിമുക്ത ജില്ല; രണ്ടു പേർക്ക് കൊറോണ നെഗറ്റീവായി

ആലപ്പുഴ: കൊറോണ ബാധിതരായി ചികിൽസയിലുണ്ടായിരുന്ന രണ്ടു പേർക്ക് രോഗസൗഖ്യമായതോടെ ആലപ്പുഴ ജില്ലയ്ക്ക് ആശ്വാസം. ഇതോടെ ജില്ല കൊറോണ മുക്തമാകും. കൊറോണ വിമുക്തമാകുന്ന മൂന്നാമത്തെ ജില്ലയാണ് ആലപ്പുഴ. ജില്ലയില്‍ കൊറോണ ബാധിച്ച് ചികിത്സയിലുളള രണ്ടുപേരുടെ കൂടി പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി. മൂന്നാം തവണയും പരിശോധനയ്ക്ക് അയച്ച സ്രവ സാമ്പിളുകളുടെ ഫലമാണ് പുറത്തുവന്നത്. മൂന്നു തവണയും പരിശോധനാഫലം നെഗറ്റീവായതോടെ ഇരുവരും ഇന്ന് ആശുപത്രി വിട്ടേക്കും.

ഇരുവരും ആശുപത്രി വിടുന്നതോടെ, സംസ്ഥാനത്ത് കൊറോണ ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 127 ആകും. നിലവില്‍ 270 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതുവരെ 401 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലുമാണ്. ഇന്നലെ മാത്രം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.18,547 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.