ബാംഗ്ലൂരിലുള്ള ഉടമയറിയാതെ വീട് പണയത്തിന് നൽകി; മുൻകൂർ ജാമ്യമെടുത്ത് പ്രതികൾ മുങ്ങി

കൊച്ചി: റിട്ടയേഡ് അധ്യാപകന്റെ വീട് ഉടമയറിയാതെ പണയത്തിന് നൽകിയ സംഭവത്തിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം. എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്ന രുദ്രവാര്യർ തന്റെ മകളുടെയും മരുമകനായ സഞ്ജയുടെയും പേരിൽ വാങ്ങിയ വീട്ടിലാണ് അനധികൃതമായി ആളുകൾ താമസിക്കുന്നുവെന്ന് കാണിച്ച് പരാതിയുമായെത്തിയത്.
മകളുടെ ഒപ്പം ബംഗളൂരുവിലായിരുന്നു രുദ്രവാര്യർ താമസിച്ചിരുന്നത്.

പോണേക്കരയിലെ വീട് വാടകയ്ക്ക് നോക്കാൻ വരുന്നവര്‍ക്കായി അയൽവാസിയുടെ കയ്യിൽ താക്കോൽ നൽകിയിരുന്നു. എന്നാൽ ഉടമയുമായി വാടക കരാറായി എന്ന് വിശ്വസിപ്പിച്ച് ഇടനിലക്കാർ അയൽവാസിയിൽ നിന്ന് താക്കോൽ വാങ്ങി. വീട്ടിൽ പുതിയ ആളുകൾ താമസിക്കുന്നുവെന്ന വിവരം പരിസരവാസികൾ വിളിച്ച് പറഞ്ഞപ്പോഴാണ് ഉടമ അറിഞ്ഞത്.

രുദ്രവാര്യരുടെ പോണോക്കരയിലെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഇപ്പോൾ വീട്ടിൽ താമസിക്കുന്ന നൗഫൽ എട്ട് ലക്ഷം രൂപ നൽകി 11 മാസത്തേക്ക് പണയത്തിന് എടുത്തതാണെന്ന് അറിഞ്ഞത്. അജിത്കുമാർ എന്നയാളുടേതാണ് വീടെന്ന വ്യാജേന, ഇടനിലക്കാരൻ നൗഫലിനെ കബളിപ്പിച്ചാണ് പണയത്തിന് നൽകിയത്.

താമസം തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞാണ് തട്ടിപ്പിനെക്കുറിച്ച് നൗഫൽ മനസിലാക്കുന്നത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ഇടനിലക്കാരനായ ഫൈസൽ, അജിത് കുമാര്‍ എന്നിവരെ പ്രതികളാക്കി കേസെടുത്തു. എന്നാൽ മുൻകൂർ ജാമ്യമെടുത്തെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.