അടൂരിനെ തിരുത്താന്‍ ആരുമല്ല; കവിത കവിയുടെ ജീവിതം കൂടി ചേര്‍ന്നതാണ്; ലൈംഗീക പീഡന ആരോപണ വിധേയനായ തമിഴ് കവി വൈരമുത്തുവിൻ്റെ പുരസ്‌കാര വിവാദത്തില്‍ കെ.ആര്‍ മീര

തിരുവനന്തപുരം: ലൈംഗീക പീഡന ആരോപണ വിധേയനായ തമിഴ് കവി വൈരമുത്തുവിന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ സാഹിത്യ പുരസ്‌കാരം നൽകാനുള്ള തീരുമാനത്തില്‍ പ്രതികരിച്ച് എഴുത്തുകാരി കെ.ആര്‍ മീര. വൈരമുത്തുവിനെ അവാര്‍ഡിന് പരിഗണിച്ചതില്‍ തെറ്റില്ലെന്ന അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയെന്ന നിലയിലാണ് മീരയുടെ പ്രതികരണം.

ഒഎന്‍വി കുറുപ്പിന്റെ പേരിലുള്ള പുരസ്‌കാരം നല്‍കിയതിലുള്ള വിമര്‍ശനങ്ങളോട് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രതികരണത്തോടു താന്‍ കഠിനമായി പ്രതിഷേധിക്കുന്നുവെന്നാണ് കെആര്‍ മീര പറഞ്ഞത്. പേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മീരയുടെ പ്രതികരണം.

കവിതയെന്നാല്‍ കവിയുടെ ജീവിതം കൂടി ചേര്‍ന്നതാണ് എന്നു ധ്വനിപ്പിക്കുന്നതായിരുന്നു ഒഎന്‍വിയുടെ വ്യക്തിത്വമെന്നും കവിതയിലെ പദങ്ങളിലും ഉപമകളിലും പോലും മനുഷ്യാന്തസ്സിനെ ഹനിക്കുന്നതൊന്നും കടന്നു വരരുതെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നുവെന്നും മീര പറഞ്ഞു.

ഏതെങ്കിലും സ്ത്രീയോടു മോശമായ ഒരു വാക്കെങ്കിലും ഉപയോഗിച്ചതായി അദ്ദേഹത്തെ കുറിച്ചു ശത്രുക്കള്‍ പോലും പറഞ്ഞു കേട്ടിട്ടില്ലെന്നും അത്തരം ആരോപണങ്ങള്‍ക്കു വിധേയരായവരെ അദ്ദേഹം അടുപ്പിച്ചിട്ടുമില്ലെന്നും മീര ഫേസ്ബുക്കിലെഴുതി.

വൈരമുത്തിന് എതിരേ 2018 ൽ ഗായിക ചിന്മയി ശ്രീപദ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. ടിവി അവതാരക ഹൈമ മാലിനിയും പീഡന ആരോപണം ഉന്നയിച്ചിരുന്നു. ആരോപണങ്ങൾ നിയമപരമായി തെളിയിക്കാനായിരുന്നു ഇതെക്കുറിച്ച് വൈരമുത്തിൻ്റെ പ്രതികരണം.