ആലപ്പുഴ: ജനനേന്ദ്രിയത്തിൽ സ്റ്റീൽ മോതിരം കുരുങ്ങി ഗുരുതരാവസ്ഥയിലായ 14കാരനെ രക്ഷിച്ചത് അതിസാഹസികമായി. അരമണിക്കൂറോളം നീണ്ട തീവ്ര പരിശ്രമിച്ചതിനുശേഷമാണ് മോതിരം മുറിച്ചുനീക്കിയത്. കറ്റാനം സ്വദേശിയായ കുട്ടിയുടെ ജനനേന്ദ്രിയത്തിൽ കുരുങ്ങിയ മോതിരം നീക്കം ചെയ്ത് റോഡ് സേഫ്റ്റി ഫോഴ്സ് ചെയർമാൻ പുന്നപ്ര കൊല്ലംപറമ്പിൽ മഷ്ഹൂർ അഹമ്മദാണ് രക്ഷകനായത്.
മോതിരം കുരുങ്ങിയതിനെത്തുടർന്ന് ജനനേന്ദ്രിയത്തിന് വീക്കമുണ്ടായി. വീട്ടുകാരിൽനിന്ന് കുട്ടി വിവരം മറച്ചുവെച്ചു. മാവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നീർവീക്കത്തിന് കാരണം വ്യക്തമായില്ല. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുന്നത്. യൂറോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ ആദ്യം കാരണം വ്യക്തമായില്ല.
യൂറോളജി സർജറി വിഭാഗം നടത്തിയ പരിശോധനയിലാണ് മോതിരം കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. മോതിരം മുറിച്ചുനീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആലപ്പുഴയിൽനിന്നുള്ള അഗ്നിരക്ഷാസംഘത്തിന്റെ സഹായം തേടിയെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് എയ്ഡ് പോസ്റ്റ് പോലീസ് അറിയിച്ചതിനുസരിച്ച് മഷ്ഹൂർ അഹമ്മദ് എത്തിയതും മോതിരം നീക്കം ചെയ്തതും. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.