എകെഎം അഷറഫ് കന്നഡയില്‍, എ രാജ തമിഴില്‍, മാണി സി കാപ്പനും,മാത്യു കുഴല്‍ നാടനും ഇംഗ്ലീഷില്‍; 136 എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ തുടക്കമായി. 140 അംഗ നിയമസഭയില്‍ 136 അംഗങ്ങളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്ന് സഭയിലെത്തിയ അബ്ദുള്‍ ഹമീദ് മാസ്റ്ററാണ് ആദ്യം പ്രതിജ്ഞയെടുത്തത്. പ്രോടെം സ്പീക്കര്‍ പി ടി എ റഹീമിനു മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ഇദ്ദേഹം നേരത്തെ ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

വള്ളികുന്ന് എംഎല്‍എ അബ്ദുള്‍ ഹമീദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മഞ്ചേശര്വം എംഎല്‍എ എകെഎം അഷറഫ് കന്നഡയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, എ രാജ തമിഴിലും, മാണി സി കാപ്പനും,മാത്യു കുഴല്‍ നാടനും ഇംഗ്ലീഷിലും സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും ഒടുവിലായി വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ 135 ാംമതായും, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 110ാമത് ആയും. സഭയിലെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി 74ാംമതായും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 95ാംമതായും സത്യപ്രതിജ്ഞ ചെയ്തു.

കഴിഞ്ഞ നിയമസഭയില്‍ അംഗങ്ങളായിരുന്ന 75 പേര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 53 പേര്‍ സഭയില്‍ പുതുമുഖങ്ങളാണ്. കൊറോണ ബാധിതരായ യു പ്രതിഭ, കെ ബാബു, എം വിന്‍സെന്റ് എന്നിവര്‍ സത്യപ്രതിജ്ഞക്കെത്തിയില്ല. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.

കൊറോണ സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് ഗ്യാലറികളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 28ന് ആണ് ഗവര്‍ണറുടെ നയപ്രഖ്യാപനം.