പിണറായിയുടെയും കോടിയേരിയുടെയും മക്കൾ എങ്ങനെ പണക്കാരായി ? : കെ.സുധാകരൻ

കണ്ണൂർ : പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും കുടുംബ പശ്ചാത്തലമല്ല കെ.എം.ഷാജിക്ക്.25 ലക്ഷം രൂപ കോഴ വാങ്ങേണ്ട ആവശ്യം ഷാജിക്കില്ലെന്നും കെ.സുധാകരൻ എംപി. കെ.എം.ഷാജി ചെയ്ത കുറ്റമെന്താണ്? പ്രതിപക്ഷത്തിന്റെ ധർമവും ഉത്തരവാദിത്തവുമാണ് അദ്ദേഹം ചെയ്തത്. ഫിനാൻഷ്യൽ ക്രെഡിബിലിറ്റി ഉള്ള സർക്കാരല്ല ഇത്. ധൂർത്താണ് എവിടെയും. എന്നാൽ ഷാജി സമ്പന്നതയിൽ ജനിച്ചു വളർന്നയാളാണ്.

പിണറായിയുടെയും കോടിയേരിയുടെയും മക്കൾ ഐടി കമ്പനിയുടെയും സ്റ്റാർ ഹോട്ടലിന്റെയും പലിശക്കമ്പനിയുടെയും ഉടമകളാണ്.

എങ്ങനെയുണ്ടായി ഈ പണം? ബീഡിത്തൊഴിലെടുത്തവന്റെ കുടുംബം സ്റ്റാർ ഹോട്ടലിന്റെ ഉടമസ്ഥരായത് എങ്ങനെയെന്ന് മാധ്യമങ്ങൾ അന്വേഷിച്ചോ? പാർട്ടിയിൽനിന്നു പുറത്താക്കിയ ഒരുത്തന്റെ വാക്ക് കേട്ട് ഒരു എംഎൽഎക്കെതിരെ കേസെടുത്തതു രാഷ്ട്രീയ പാപ്പരത്തമാണ്. പണം കൊടുത്തിട്ടില്ലെന്നു മാനേജ്മെന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാം തന്റെ കീഴിലാണെന്ന അധികാരഭ്രമത്തിന്റെ പ്രതീകമാണു പിണറായി. സ്വന്തം പാർട്ടിയിലെ എത്ര എംഎൽഎമാർക്ക് അദ്ദേഹത്തോടു യോജിപ്പുണ്ട്? അവരിൽ ആരോടെങ്കിലും ഉള്ളിൽതട്ടി സൗഹൃദം പുലർത്തുന്നുണ്ടോ? കോവിഡിനെതിരെ മുൻപിൽനിന്നു പ്രവർത്തിച്ച ശൈലജ ടീച്ചറുടെ ദുരനുഭവം കേരളം കണ്ടതല്ലേ? ഷാജിയുടെ ബുള്ളറ്റ് പ്രയോഗം വരെ എന്തായിരുന്നു സ്ഥിതി. എല്ലാ ദിവസവും വൈകിട്ട് നക്ഷത്രഫലം പറയുന്ന ജ്യോത്സനെപ്പോലെയാണു മാധ്യമങ്ങൾക്കു മുൻപിൽ വന്നിരുന്നത്.

ഒരു ദിവസം ആറ് മണിക്ക് ഒരു കൊറോണ രോഗി മരിച്ചു. പിന്നെ അടുത്ത ദിവസം ആറിനേ പത്രസമ്മേളനമുള്ളൂ. മരിച്ച രോഗിയുമായി ഇടപഴകിയവർ മരണവിവരം അറിയാൻ വൈകി അദ്ദേഹത്തിലൂടെ മാത്രമേ ഇതൊക്കെ കേരളം അറിയാവൂ എന്ന പിടിവാശി എന്തിനായിരുന്നു? മുഖ്യമന്ത്രിയുടെ അഭിനയമാണ് എല്ലാദിവസവും വൈകിട്ട് കണ്ടിരുന്നത്. ചിരിക്കാത്ത മുഖ്യമന്ത്രി ചിരിക്കുന്നു, ആരുടെയും മുഖത്തുനോക്കാതെ നടക്കുന്ന മുഖ്യമന്ത്രി തല ഉയർത്തി ആളുകളെ നോക്കുന്നു.

കോവിഡ് നിയന്ത്രിച്ചതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കല്ല. ഈ നിയന്ത്രണങ്ങളും നടപടികളുമെല്ലാം ഉള്ളിൽ തട്ടി സ്വീകരിച്ച ജനങ്ങൾക്കും അതു നടപ്പാക്കിയ പൊലീസിനും ആരോഗ്യപ്രവർത്തകർക്കുമാണു ക്രെഡിറ്റ്. സ്പ്രിൻക്ലർ അഴിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.