കൊച്ചി: തൻ്റെ ജന്മ ദിനത്തിൽ കേരളത്തിന് ഒന്നരക്കോടി രൂപയുടെ സഹായവുമായി മോഹൻലാൽ. കൊറോണ രണ്ടാം തരംഗത്തിൽ ആശ്വാസമേകനാണ് നടൻ മോഹൻലാലിൻ്റെ വിശ്വശാന്തി ഫൗണ്ടേഷൻ ആരോഗ്യമേഖലയ്ക്ക് ഒന്നരക്കോടി രൂപയുടെ സഹായം നൽകിയത്. ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾക്കാണ് വിശ്വശാന്തി ഫൗണ്ടേഷൻ്റെ സഹായം. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് തരത്തിലുള്ള സഹായമാണ് വിശ്വശാന്തി ഫൗണ്ടേഷൻ ആരോഗ്യമേഖലയ്ക്ക് നൽകിയത്. 200ലധികം ഓക്സിജൻ കിടക്കകൾ, വെന്റിലേറ്റർ സഹായമുള്ള പത്ത് ഐസിയു കിടക്കകൾ, പോർട്ടബിൾ എക്സറേ മെഷീനുകൾ സംസ്ഥാനത്ത് വിവിധ ആശുപത്രികൾക്ക് കൈമാറി. സർക്കാർ, സ്വകാര്യ മേഖല എന്ന വ്യത്യാസമില്ലാതെ സംസ്ഥാന സർക്കാരിൻ്റെ കാരുണ്യ പദ്ധതിയുടെ കീഴിൽ വരുന്ന ആശുപത്രികളിലായിരുന്നു വിതരണം.
ഇതിന് പുറമേ കളമശേരി മെഡിക്കൽ കോളജിൽ ഓക്സിജൻ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള സഹായവും നൽകി. അതേസമയം, മോഹൻലാൽ ഇന്ന് 61ആം പിറന്നാൾ ആഘോഷിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് മോഹൻലാൽ. 1960 മെയ് 21ന് ജനിച്ച അദ്ദേഹം 1980ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രമായാണ് അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് വിവിധ ഭാഷകളിലായി 350ൽ പരം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.