സ്പ്രിൻക്ലർ ഇടപാട് ; നിയമവകുപ്പിനെയും മന്ത്രിസഭയെയും മറികടന്നു: സിപിഐക്ക് കടുത്ത അത്യപ്തി

തിരുവനന്തപുരം : കേന്ദ്രസർക്കാർ അനുമതിയില്ലാതെ സർക്കാർ സ്പ്രിൻക്ലറുമായി ഡേറ്റാ കരാറിലേർപ്പെട്ടതിൽ സിപിഐക്കു കടുത്ത അതൃപ്തി. കേന്ദ്രസർക്കാർ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതും നിയമവകുപ്പിനെയും മന്ത്രിസഭയെയും മറികടന്നു നീങ്ങിയതും തെറ്റായി പോയെന്ന് സിപിഐ നേതൃത്വം വിലയിരുത്തുന്നു. എന്നാൽ തൽക്കാലത്തേക്ക് പൊതുവിമർശനം വേണ്ടെന്ന് പാർട്ടി തീരുമാനിച്ചു.

നിയമവകുപ്പ് ഫയൽ കാണാത്തതിനാൽ മുഖ്യമന്ത്രിയുടെയും ഐടി സെക്രട്ടറിയുടെയും നിലപാടുകൾ പൊരുത്തപ്പെടുന്നില്ലെന്നാണ് സിപിഐയുടെ പക്ഷം. കൊറോണ കാലം കഴിയും വരെ പരസ്യപ്രതികരണം ഉണ്ടാകില്ല. പാർട്ടി കമ്മിറ്റികൾ ചേർന്ന ശേഷം അതൃപ്തി അറിയിക്കാനാണ് തീരുമാനം.

ഇന്ത്യൻ കമ്പനി വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുമെന്ന കാരണത്താൽ ആധാറിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സിപിഐക്ക് യുഎസ് കമ്പനിയെ ഡേറ്റാ കരാർ ഏൽപ്പിച്ചതിനോടു കടുത്ത വിയോജിപ്പാണ്. ഇതിനിടയിൽ മന്ത്രിസഭ പല തവണ കൂടിയിട്ടും അവിടേക്കോ നിയമവകുപ്പിന് മുന്നിലേക്കോ കരാർ വരാത്തത് ഇടതുപക്ഷ നയത്തിനു വിരുദ്ധമാണെന്നാണ് സിപിഐ കരുതുന്നത്.

ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര സർക്കാർ അനുമതി ഇല്ലാതെ വിദേശ കമ്പനിയുമായി എങ്ങനെ കരാർ ഒപ്പിടും എന്നതാണ് സിപിഐ ഉന്നയിക്കുന്നത്. സ്പ്രിൻക്ലർ കരാർ ലംഘിച്ചാൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാകില്ല. ഭോപ്പാൽ വിഷവാതക ദുരന്ത കേസിൽ യൂണിയൻ കാർബൈഡിന് എതിരെ അവിടുത്തെ കോടതിയിൽ പോയിട്ട് ഒരു പൈസ പോലും ഇരകൾക്ക് നഷ്ടപരിഹാരം കിട്ടിയിട്ടില്ല. സമാനമായ അനുഭവമായിരിക്കും സ്പ്രിൻക്ലറുമായി മുന്നോട്ട് പോയാൽ സംഭവിക്കുകയെന്ന് സി പി ഐ വിലയിരുത്തി.