കോട്ടയം: കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം കേരളത്തിൽ കോട്ടയത്താണ് ഏറ്റവും കൂടുതൽ വ്യാപിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്. ഡെൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി) യാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അതോടൊപ്പം, ഒമ്പത് ജില്ലകളിൽ നിന്ന് ഏപ്രിലിൽ ശേഖരിച്ച സാംപിളുകൾ പ്രകാരം സംസ്ഥാനത്ത് അമ്പത് ശതമാനത്തിലേറെ കൊറോണയുടെ ഇന്ത്യൻ വകഭേദം വ്യപിച്ചതയും കണ്ടെത്തി.
പ്രതിദിനം മുപ്പതിനായിരത്തിലേറെ രോഗബാധിതർ ഉണ്ടാക്കാൻ കാരണം തീവ്ര വ്യാപനശേഷിയുള്ള വൈറസിന്റെ ഇന്ത്യൻ വകഭേദമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിൽ നടത്തിയ പഠനത്തിൽ വ്യക്തമാകുന്നത്. കോഴിക്കോട്, എറണാകുളം, ഇടുക്കി , കാസർകോട്, കൊല്ലം , കോട്ടയം, പാലക്കാട്, പത്തനംതിട്ട , തിരുവനന്തപുരം ജില്ലകളിൽ നിന്നാണ് സാംപിളുകൾ ശേഖരിച്ചത്.
മാർച്ചിലെ സാംപിളുകളിൽ ഇന്ത്യൻ വകഭേദം 7.3% മാത്രമായിരു രുന്നുവെങ്കിൽ ഏപ്രിലിൽ 50 ശതമാനത്തിലേറെ സാംപിളുകളിൽ കണ്ടെത്തി. ഈ വകഭേദത്തിൽ ജനിതകമാറ്റങ്ങൾ ദൃശ്യമായതോടെ മൂന്നായി തിരിച്ചു. ബി 11.61 7 . 2 ആണ് സംസ്ഥാനത്ത് കൂടുതൽ. കോട്ടയം, കൊല്ലം, പത്തനംതിട്ട , പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് വ്യാപനം. ഇടുക്കി, കാസർകോട് ജില്ലകളിൽ യുകെ വകഭേദവും പടർന്നിട്ടുണ്ട്.
പരിശോധിക്കുന്നവരിൽ നാലിലൊന്ന് പേർ പോസിറ്റീവ് എന്നതാണ് നിലവിലെ സ്ഥിതി. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയാത്തതും പുതിയ വൈറസ് വകഭേദങ്ങൾ വ്യാപിക്കുന്നതും ലോക് ഡൗൺ നീട്ടാൻ കാരണമാകും.