നിയുക്ത വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്‌ക്കെതിരെ ട്രോളോടു ട്രോൾ

തിരുവനന്തപുരം: നിയുക്ത വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്‌ക്കെതിരെ ട്രോളോടു ട്രോൾ. സ്‌കൂളിലേക്ക് കമ്പ്യൂട്ടർ കണക്ഷൻ എടുക്കുന്ന വിദ്യാഭ്യാസ മന്ത്രി, കമ്പ്യൂട്ടർ എൻജിവീയറിംഗിൽ ഒന്നാം റാങ്ക്, കൂടാതെ കംപ്യൂട്ടർ പരിജ്ഞാനം, കായിക ക്ഷമത, ഉയരങ്ങൾ, ഉയരങ്ങൾ കീഴടക്കാൻ ഉള്ള കഴിവ്, എന്നിങ്ങനെയാണ് പരിഹാസം നീളുന്നത്.

2018 ൽ ധനമന്ത്രി കെ എം മാണിയുടെ കേരള ബജറ്റ് അവതരണത്തിനിടെ ശിവൻകുട്ടി നടത്തിയ പരാക്രമങ്ങൾ കുത്തിപ്പൊക്കിയാണ് ട്രോളന്മാർ പരിഹസിക്കുന്നത്. ശിവൻകുട്ടിയ്‌ക്കെതിരായ ട്രോളുകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബാർ കോഴ വിവാദം കത്തി നിൽക്കുന്ന സമയത്ത് അന്നത്തെ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ വ്യാപക അക്രമമാണ് ഇടത് എംഎൽഎയായിരുന്ന ശിവൻകുട്ടി നടത്തിയത്. സ്പീക്കറുടെ കസേര തള്ളി താഴെയിടുകയും, ടേബിളുകളിൽ സ്ഥാപിച്ച കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾ ഉപയോഗിച്ചാണ് ട്രോളുകൾ പ്രചരിക്കുന്നത്.

ഇതിനൊപ്പം ശിവൻകുട്ടിയുടെ നിരവധി പഴയ വീഡിയോകളും ട്രോളർമാർ ഇറക്കിയിട്ടുണ്ട്. ദീർഘകാലം തിരുവനന്തപുരം മേയറായിരുന്ന ശിവൻകുട്ടി നേമത്ത് ബിജെപിയിലെ കുമ്മനം രാജശേഖരനെ മിന്നുന്ന പ്രകടനത്തിലൂടെ പരാജയപ്പെടുത്തിയാണ് ഇക്കുറി നിയമസഭാംഗമായത്.