തിരൂർ: ബ്ലാക്ക് ഫംഗസ് രോഗം കേരളത്തിൽ ഗുരുതരമാളുന്നതായി റിപ്പോർട്ട്. കൊല്ലം, മലപ്പുറം ജില്ലകളിലും റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് തിരൂർ സ്വദേശി അബ്ദുൾ ഖാദറി (62) ന് രോഗബാധ സ്ഥിരീകരിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള ഇദ്ദേഹത്തിന് തലച്ചോറിലേക്ക് ഫംഗസ് പടരാതിരിക്കാൻ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഏപ്രിൽ 22നാണ് അബ്ദുൾ ഖാദറിന് കൊറോണ സ്ഥിരീകരിച്ചത്.
കൊല്ലത്ത് പൂയപ്പള്ളി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതർ അറിയിച്ചു.
കൊറോണ ചികിത്സയ്ക്കിടെ ഇവർക്ക് ന്യുമോണിയയും സ്ഥിരീകരിച്ചു. പ്രമേഹവും 600ന് മുകളിലെത്തി. കൊറോണ മാറിയ ശേഷം കടുത്ത തലവേദന അനുഭവപ്പെട്ടു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചത്.