വനിതാ പ്രാതിനിധ്യം രണ്ടിൽ നിന്ന് മൂന്നിലേക്ക്; പ്രഫ.ആർ ബിന്ദു വിദ്യാഭ്യാസ മന്ത്രിയാകാൻ സാധ്യത

തിരുവനന്തപുരം: ഇക്കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ രണ്ടു വനിതകൾക്കേ പ്രാതിനിധ്യം ഉണ്ടായിരുന്നുള്ളുവെങ്കിൽ പുതിയ മന്ത്രിസഭയിൽ അത് മൂന്നായി. കഴിഞ്ഞ തവണ കെകെ ഷൈലജയും ജെ മേഴ്സിക്കുട്ടിയമ്മയുമായിരുന്നു സിപിഎം മന്ത്രിമാരെങ്കിൽ ഇക്കുറി പുതുമുഖങ്ങളായ പ്രഫ.ആർ ബിന്ദു, വീണാ ജോർജുമാണ് സി പി എമ്മിൻ്റെ പ്രതിനിധികൾ.

സിപിഐയുടെ ആദ്യത്തെ വനിതാമന്ത്രിയാകാനാണ് ജെ ചിഞ്ചുറാണിക്ക് നറുക്ക് വീണത്. ഇതിൽ ബിന്ദുവും ചിഞ്ചുറാണിയും നിയമസഭയിൽ കന്നിക്കാരാണ്. മൂന്നും പേരും രാഷ്ട്രീയത്തിനൊപ്പം വ്യത്യസ്ത മേഖലകളിൽ പേരെടുത്തവർ.

തൃശൂരിന്റെ പ്രഥമ വനിതാ മേയറായി തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ച പ്രൊഫ. ആർ ബിന്ദു ഇനി കേരള മന്ത്രിസഭയിലെ വനിതാ ശബ്ദമാകും. വിദ്യാഭ്യാസ രംഗത്തെ സേവനങ്ങൾ കൂടി കണക്കിലെടുത്ത് പ്രഫ. ബിന്ദു സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയാകുമെന്നാണ് സൂചന. ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായ ആർ ബിന്ദുവിന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ്റെ ഭാര്യയെന്ന പരിഗണനയും ലഭിച്ചു.

തൃശൂർ കേരളവർമ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയും പ്രിൻസിപ്പൽ ഇൻ ചാർജുമായിരുന്ന ബിന്ദു ഈ സ്ഥാനം രാജിവച്ചാണ് ഇരിങ്ങാലക്കുടയിൽനിന്ന് ജനവിധി തേടിയത്. കന്നിയങ്കത്തിൽ തോമസ് ഉണ്ണിയാടനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്.

സി പി എം തൃശൂർ ജില്ലാകമ്മിറ്റി അംഗമാണ്.2005–10 ൽ തൃശൂർ കോർപ്പറേഷനിലെ ആദ്യ വനിതാ മേയറായി. കോളേജ് അധ്യാപകരുടെ സംഘടനയായ എകെപിസിടിഎ സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗമാണ്. എസ്എഫ്ഐയുടെ സംസ്ഥാന വിദ്യാർഥിനി സബ് കമ്മിറ്റി കൺവീനറായിരുന്ന ബിന്ദു, കലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റംഗമായിരുന്നു. സർവകലാശാലാ സെനറ്റിലും അംഗമായി പ്രവർത്തിച്ചു.

ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂൾ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്, കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ്, ഡെൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ റാങ്കോടുകൂടി ബിരുദാനന്തരബിരുദം, എംഫിൽ, പിഎച്ച്ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്.

സിപിഐ എം ഇരിങ്ങാലക്കുട ഏരിയാകമ്മിറ്റി അംഗവും ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകനുമായ എൻ രാധാകൃഷ്ണനാണ് പിതാവ്, അമ്മ കെ കെ ശാന്തകുമാരി മണലൂർ ഗവ. ഹൈസ്കൂളിലെ പ്രധാന അധ്യാപികയുമായിരുന്നു. മകൻ വി ഹരികൃഷ്ണണൻ മഞ്ചേരി ജില്ലാ കോടതിയിൽ അഭിഭാഷകനാണ്.

മാധ്യമ രംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമാണ് വീണാ ജോർജിനെ ആദ്യം നിയമസഭയിലേക്കും പിന്നീട് ഇപ്പോൾ മന്ത്രിസഭയിലക്കും എത്തിച്ചത്. സംസ്ഥാന സർക്കാരിന്റെ നാം മുന്നോട്ടെന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ജനകീയനാക്കാൻ ആങ്കറായ വീണ നടത്തിയ ശ്രമത്തിൻ്റെ അംഗീകാരം കൂടിയാണ് മന്ത്രി സ്ഥാനം. രണ്ടാം തവണയും ആറൻമുളയിൽ നിന്ന്‌ വിജയിച്ച നാല്പത്തി അഞ്ചുകാരിയായ വീണാ ജോർജ് എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. സി പി എം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ്.

2012 ലെ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ട അഞ്ച്‌ ഇൻഡ്യൻ മാധ്യമപ്രവർത്തകരിൽ ഒരാളാണ്‌. കൈരളി, ഇൻഡ്യാവിഷൻ, എം എംന്യൂസ്, റിപ്പോർട്ടർ ചാനലുകളിലെ പ്രവർത്തന പരിചയവും വീണയ്ക്ക് അനുകൂല ഘടകമായി. മലയാള മാധ്യമ രംഗത്തെ പ്രഥമ വനിത എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ടിച്ചു.

കേരള സർവകലാശാലയിൽനിന്ന്‌ എംഎസ്‌‌സി ഫിസിക്‌സിനും, ബിഎഡിനും റാങ്ക് ജേതാവായി. ഏഷ്യാ വിഷൻ, ടി പി വ്യൂവേഴ്സ്, ശബാമതി, പി ഭാസ്‌കരൻ ഫൗണ്ടേഷൻ, സുരേന്ദ്രൻ നീലേശ്വരം, കേരള ടി വി അവാർഡ് (മികച്ച മലയാളം ന്യൂസ് റീഡർ ) രാജീവ് ഗാന്ധി ഫൗണ്ടേഷൻ, നോർത്ത് അമേരിക്കൻ പ്രസ് ക്ലബ്ബ്, യുഎഇ ഗ്രീൻ ചോയിസ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചു. മലങ്കര ഓർത്തഡോക്സ് സഭാ മുൻ സെക്രട്ടറിയും അധ്യാപകനുമായ ഡോ.ജോർജ് ജോസഫാണ് ഭർത്താവ്. അന്നാ, ജോസഫ് എന്നിവർ മക്കൾ

സിപിഐയില്‍ നിന്നുള്ള ആദ്യത്തെ വനിതാമന്ത്രിയാണ് മന്ത്രിസഭയിലേക്കെത്തുന്ന ജെ ചിഞ്ചുറാണി. ചടയമംഗലം മണ്ഡലത്തില്‍ നിന്നാണ് അമ്പത്തെട്ടുകാരിയായ ഇവര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

കൊല്ലം മുണ്ടയ്ക്കൽ വില്ലേജിൽ ഭരണിക്കാവ് തെക്കേ വിളയിൽ വെളിയിൽ വടക്കതിൽ വീട്ടിൽ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് എൻ. ശ്രീധരൻ്റെയും ജഗദമ്മയുടേയും മകളായി 1963ൽ ജനിച്ച ചിഞ്ചുറാണി 1970 ൽ ബാലവേദിയിലുടെയാണ് പൊതുജീവിതം ആരംഭിക്കുന്നത്. പ്രൈമറി വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ കലാ-കായിക രംഗങ്ങങ്ങളിൽ മികവു തെളിയിച്ച അവര്‍ കൊല്ലത്തെ അറിയപ്പെടുന്ന കായിക താരമായി. കൊല്ലം ശ്രീ നാരായണ വനിതാ കോളജിലെ തുടർച്ചയായി ചാമ്പ്യനാകുകയും ഡെൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് കേരളത്തെ പ്രതിനീധീകരിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്നും രാഷ്ട്രപതിയിൽ നിന്നും നേരിട്ട് മെഡലുകൾ ഏറ്റുവാങ്ങി.

കൊല്ലം അയത്തിൽ വി.വി.എച്ച് എസ്സിലെയും കൊല്ലം ശ്രീനാരായണ വനിതാ കോളേജിലേയും എ.ഐ.എസ് എഫ് നേതാവായും യുവജന രംഗത്ത് പ്രവർത്തിക്കന്ന അവസരത്തിൽ ഇരവിപുരം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പറായി ഇപ്പോൾ പാർട്ടി ദേശീയ കൗൺസിലംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡൻ്റും പൗൾട്രി കോർപ്പറേഷൻ ചെയർപേഴ്സനുമാണ്. സി അച്യുതമേനോൻ കൊല്ലം ജില്ല സഹകരണ ഹോസ്പിറ്റൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പഞ്ചായത്തുമെമ്പർ, കൊല്ലം കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ, ജില്ലാ പഞ്ചായത്തംഗം, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ, വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ 20 വർഷക്കാലം തുടർച്ചയായി പ്രവർത്തിച്ചു.

ഭർത്താവ് ഡി. സുകേശൻ സിപിഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി സെക്രട്ടറി, ലൈബ്രറി കൗൺസിൽ കൊല്ലം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.മക്കൾ നന്ദു സുകേശൻ ഇന്റീരിയൽ ഡിസൈനർ, നന്ദന റാണി പ്ലസ്ടു വിദ്യാർഥിനി.