തിരുവനന്തപുരം: ബിവറെജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡും ഓൺലൈൻ വഴി മദ്യ വില്‍പ്പന തുടങ്ങിയെന്ന വ്യാജേന തട്ടിപ്പ്. ഇഷ്ട മദ്യം തേടി സൈറ്റിലൂടെ പോയാലെത്തുക പണം നൽകാനുള്ള പേജിലേക്ക്.മേൽവിലാസം നൽകി ക്യാഷ് ഓൺ ഡെലിവറിയായും, ഓൺലൈനായും പണം അടയ്ക്കാം. ഇനി പ്രലോഭനത്തിൽ വീണ് ഓൺലൈൻ വഴി പണം നൽകിയാൽ പൈസ പോയത് തന്നെ. ബുക്കിംഗ് പൂർത്തിയായാൽ ഇ മെയിലും, എസ്എംഎസും വരും. മദ്യം മാത്രം വരില്ല.
ബെവ്കോയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റ് കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം തുടങ്ങി. ബെവ്‍കോ യുടെ പേരിൽ തന്നെയാണ് വ്യാജ വെബ്സൈറ്റ്.
ലോക്ക്ഡൗണിൽ മദ്യ ഷോപ്പുകൾ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിലാണ് വ്യാജന്മാരുടെ രംഗപ്രവേശനം.
കോർപ്പറേഷന്‍റെ പേരും, ലോഗോയുമുള്ള സൈറ്റിലെത്തിയാൽ കാണുന്നത് ഇന്ത്യൻ മുതൽ വിദേശ നിർമ്മിത ബ്രാൻഡ് മദ്യത്തിന്‍റെ അതിവിപുലമായ ശേഖരം. ബെവ്കോയിൽ കിട്ടുന്ന മദ്യത്തിന്‍റെ വില സഹിതമാണ് ഡിസ്പ്ലേ.
കൊച്ചി കൺസ്യൂമർ ഫെഡിന്‍റെ വിദേശ മദ്യ ഷാപ്പിന്‍റെ പേരിൽ കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ പേജ് പ്രത്യക്ഷപ്പെട്ടത്. 24 മണിക്കൂറും എല്ലാ ബ്രാൻഡ് മദ്യവും വീടുകളിലേക്ക് എത്തിക്കുമെന്നാണ് വാഗ്ദാനം. ഫോൺ നമ്പർ നൽകിയാണ് തട്ടിപ്പ്. കൺസ്യൂമർ ഫെഡിന്‍റെ പരാതിയിൽ കൊച്ചി കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ലോക്ക്ഡൗണിൽ ഓൺലൈൻ വഴി മദ്യം എത്തിക്കാൻ സംസ്ഥാന സർക്കാർ ആദ്യം പദ്ധതിയിട്ടെങ്കിലും ഹൈക്കോടതി ഇടപെട്ടതിനെ തുടർന്ന് പിന്മാറിയിരുന്നു.