കൊച്ചി: ലക്ഷദ്വീപിനു സമീപം അപകടത്തിൽപ്പെട്ടു കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികളിൽ എട്ട് പേരെ കണ്ടെത്തി. കടമത്ത് ദ്വീപിൽനിന്നാണ് കോസ്റ്റ്ഗാർഡ് ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയതോടെ ഇവർ ദ്വീപിൽ നിന്തിക്കയറുകയായിരുന്നു. കാണാതായ ഒരാളെക്കുറിച്ച് വിവരമില്ല. ഇയാൾക്കായി തെരച്ചിൽ നടത്തിവരികയാണ്.
കൊച്ചിയിൽനിന്ന് പുറപ്പെട്ട നാഗപട്ടണം സ്വദേശി മണിവേലിൻറെ ഉടമസ്ഥതയിലുള്ള ആണ്ടവർ തുണൈ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റും മഴയുമാണ് അപകടത്തിനു കാരണം. കഴിഞ്ഞ 29ന് കൊച്ചിയിലെ വൈപ്പിൻ ഹാർബറിൽനിന്നാണു ബോട്ട് പുറപ്പെട്ടത്.
ബോട്ടിലുണ്ടായിരുന്ന ഏഴുപേർ നാഗപട്ടണം സ്വദേശികളും രണ്ടുപേർ ഉത്തരേന്ത്യക്കാരുമാണ്. ബോട്ടുടമ മണിവേൽ, സഹോദരൻ മണികണ്ഠൻ, ഇരുമ്ബൻ, മുരുകൻ, ദിനേശ്, ഇലഞ്ചയ്യൻ, പ്രവീൺ എന്നിവരാണ് കാണാതായ നാഗപട്ടണം സ്വദേശികൾ. മറ്റുരണ്ടുപേരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ഗില്ലറ്റ് ബോട്ടാണു ആണ്ടവർ തുണൈ.
ബോട്ടിലെ സ്രാങ്കുകൂടിയാണു മണിവേൽ. ഇന്നലെ രാവിലെ ബോട്ട് അപകടത്തിൽപെട്ടത് സമീപത്തുണ്ടായിരുന്ന രാഗേഷ് 1, രാഗേഷ് 2 എന്നീ രണ്ട് ബോട്ടുകളിലെ തൊഴിലാളികളുടെ ശ്രദ്ധ യിൽപ്പെട്ടെങ്കിലും അനുകൂല കാലാവസ്ഥയല്ലാത്തതിനാൽ രക്ഷാപ്രവർത്തനം നടത്താനായില്ല. രാവിലെ 11.45 ഓടെ ലക്ഷദ്വീപിലെത്തിയ ഇവർ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.