തിരുവനന്തപുരം: പുതിയ മന്ത്രിസഭയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാമുഖ്യം നൽകാൻ സിപിഎമ്മും സിപിഐയും. നിലവിലെ മന്ത്രിമാരെ അനിവാര്യമാണെങ്കിൽ മാത്രം വീണ്ടും ഉൾപ്പെടുത്തിയാൽ മതിയെന്നാണ് സിപിഎമ്മിലെ ധാരണ.
മേയ് 18ന് ചേരുന്ന സംസ്ഥാന നിർവാഹകസമിതിയിലാവും സിപിഐ മന്ത്രിമാരെ നിർദേശിക്കുക. പിന്നാലെ ഓൺലൈനായി ചേരുന്ന സംസ്ഥാന കൗൺസിൽ അംഗീകാരം നൽകും. കഴിഞ്ഞ സർക്കാരിലും മന്ത്രിമാരെ അപ്പാടെ മാറ്റുന്ന നിലയാണ് സിപി ഐ അനുവർത്തിച്ചത്.
തങ്ങളുടെ 12 മന്ത്രിമാരെ തീരുമാനിക്കുന്നതിന് ഇന്നോ നാളെയോ സിപിഎം അവൈലബിൾ പിബി കൂടിയാലോചന നടത്തും. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റും തുടർന്ന് സംസ്ഥാനസമിതിയും 18ന് രാവിലെ ചേരും. പിന്നാലെ നിയമസഭാകക്ഷി യോഗം ചേർന്ന് നേതാവായി പിണറായി വിജയനെ തെരഞ്ഞെടുക്കും. മേയ് 18ന് ചേരുന്ന ഇരു പാർട്ടികളുടെയും നേതൃയോഗം അന്തിമതീരുമാനം എടുക്കും.
ഉച്ചക്ക് ശേഷം എൽ.ഡി.എഫ് പാർലമെൻററി പാർട്ടി യോഗം ചേരും. പരമാവധി പുതുമുഖങ്ങൾ വേണമെന്ന ധാരണയാണ് സി.പി.എം നേതൃത്വത്തിൽ ഉരുത്തിരിയുന്നത്. എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, എം.ബി. രാജേഷ് അടക്കമുള്ളവർക്കാണ് മുൻതൂക്കം. സംഘടന, ഭരണതലങ്ങളിൽ പ്രായം കുറഞ്ഞ പുതുമുഖങ്ങളെ കൊണ്ടുവന്ന് പരിചയസമ്പന്നരാക്കണമെന്ന നിലപാടിൻ്റെ അടിസ്ഥാനത്തിലാണിത്.
വീണ ജോർജ്, കാനത്തിൽ ജമീല, യു. പ്രതിഭ അടക്കമുള്ളവരും പുതുമുഖങ്ങളുടെ നിരയും സി.പി.എമ്മിൽ ജയിച്ച് വന്നിട്ടുണ്ട്. ഇവർക്കും അർഹമായ പരിഗണന നൽകിയേക്കും.
മുതിർന്ന നേതാവായ ഇ. ചന്ദ്രശേഖരന് വീണ്ടും അവസരം നൽകാൻ നിർവാഹകസമിതിയും കൗൺസിലും തീരുമാനിക്കേണ്ടിവരും. പി. പ്രസാദ്, ചിഞ്ചുറാണി, കെ. രാജൻ, ചിറ്റയം ഗോപകുമാർ, പി.എസ്. സുപാൽ, സി.കെ. ആശ എന്നിവർക്കാണ് പ്രാമുഖ്യം. ഘടകകക്ഷി മന്ത്രിമാരുടെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.